സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് സ്വീകരിച്ച മുന്നൊരുക്കങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ വിലയിരുത്തി. ഏതൊരു അടിയന്തര സാഹചര്യത്തെയും സജ്ജമായി നേരിടുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും അദ്ദേഹം കർശന നിർദ്ദേശം നൽകി.
നിലവിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുന്നതിനായി എല്ലാ ഡി.എം.ഒമാരുടെയും ഡി.പി.എംമാരുടെയും അടിയന്തര യോഗം വിളിച്ചുചേർക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരും പൂർണ്ണ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ എല്ലാവിധ അടിസ്ഥാന സജ്ജീകരണങ്ങളും ഒരുക്കാനും, ആരോഗ്യപ്രവർത്തകരെയും ആംബുലൻസുകളെയും ഏതുസമയത്തും സേവനത്തിനായി ലഭ്യമാകും വിധം സജ്ജമാക്കി നിർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഒഴിവാക്കാനാകാത്ത അടിയന്തര സാഹചര്യങ്ങൾക്കല്ലാതെ ദീർഘകാല അവധിയിൽ പ്രവേശിച്ചിട്ടുള്ള ജീവനക്കാരെ തിരിച്ചുവിളിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ചുകൊണ്ട് മന്ത്രി കെ മുരളീധരൻ രംഗത്തെത്തി. വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സ്വാഭാവികമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതിനായി സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവഴിച്ചിട്ടുണ്ടോ എന്നും ചോദിച്ചു. പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട
വിവാദങ്ങളിൽ പ്രതികരിച്ച മന്ത്രി, പദ്ധതിയുടെ കരാറിൽ ഒപ്പിട്ടത് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് ഓർമ്മിപ്പിച്ചു. ഈ സർക്കാരിന് പിന്മാറാൻ സാധിക്കുമെങ്കിൽമാത്രം കരാറിൽ നിന്ന് പിന്മാറുമെന്നും, അല്ലാത്തപക്ഷം നിബന്ധനകൾക്ക് വിധേയമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയൻ സ്വന്തം നിലപാടുകളിൽ വെള്ളം ചേർക്കുന്നത് പതിവ് ശീലമാണെന്നും മന്ത്രി പരിഹസിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

