സ്വർണവിലയിലെ മുൻകാല പ്രവചനങ്ങൾ തിരുത്തി പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങൾ രംഗത്ത്. ചരിത്രപരമായ ഉയർന്ന നിരക്കിൽ നിന്നും 24 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയെങ്കിലും വിലയിൽ വരും ദിവസങ്ങളിൽ മുന്നേറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
എങ്കിലും, ഈ കുതിപ്പിന് മുൻപ് കണക്കുകൂട്ടിയത്ര വേഗമുണ്ടായേക്കില്ല. കനേഡിയൻ ബാങ്കായ സിഐബിസി ക്യാപിറ്റൽ മാർക്കറ്റ്സ് പുറത്തുവിട്ട
പുതിയ റിപ്പോർട്ട് പ്രകാരം, അടുത്ത വർഷത്തോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 5200 ഡോളർ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻപ് ഈ ബാങ്ക് കണക്കാക്കിയിരുന്നത് അടുത്ത വർഷത്തെ ശരാശരി വില 6500 ഡോളർ ആകുമെന്നായിരുന്നു.
കൂടാതെ, 2028-ൽ വില 6000 ഡോളർ ആകുമെന്ന പ്രവചനം 5500 ഡോളറാക്കി കുറച്ചിട്ടുമുണ്ട്. തുടർന്നുള്ള വർഷങ്ങളിൽ ശരാശരി വില 4800 ഡോളറിനും 4200 ഡോളറിനും ഇടയിലായിരിക്കുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
മറ്റൊരു പ്രമുഖ സാമ്പത്തിക സ്ഥാപനമായ എൻഡിബി വെൽത്ത് മാനേജ്മെന്റിന്റെ വിലയിരുത്തൽ അനുസരിച്ച്, അടുത്ത ഒന്നോ രണ്ടോ വർഷങ്ങളിൽ സ്വർണവില ഔൺസിന് 4200-5000 ഡോളർ നിലവാരത്തിൽ തുടരാനാണ് സാധ്യത. കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതും ഏഷ്യൻ നിക്ഷേപകരുടെ ഭാഗത്തുനിന്നുള്ള ശക്തമായ ആവശ്യവുമD വിപണിയെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകങ്ങൾ.
അമേരിക്കൻ കേന്ദ്രബാങ്കിന്റെ പലിശ നിരക്ക് വർധന സംബന്ധിച്ച തീരുമാനങ്ങൾ സ്വർണവിപണിയെ ദീർഘകാലത്തേക്ക് ബാധിച്ചേക്കില്ല. 2026-ന്റെ രണ്ടാം പാദത്തിൽ മാത്രം വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ 289 ടൺ സ്വർണമാണ് സ്വന്തമാക്കിയത്.
വിപണിയിലെ ആവശ്യത്തിനനുസരിച്ചുള്ള ലഭ്യതക്കുറവും സ്വർണവിലയ്ക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, രാജ്യാന്തര തലത്തിൽ സ്വർണവിലയിലെ ഇടിവ് തുടരുകയാണ്.
ഇന്നലെ ഔൺസിന് 4126 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ച സ്വർണം, ഇന്ന് 4017 ഡോളർ വരെ താഴ്ന്നതിനു ശേഷം നിലവിൽ 4121 ഡോളർ എന്ന നിലയിലാണ് തുടരുന്നത്. ക്രൂഡോയിൽ വിലയും പണപ്പെരുപ്പവും ഉയർന്നതിനെത്തുടർന്ന് യുഎസ് കേന്ദ്രബാങ്ക് അടിസ്ഥാന പലിശ നിരക്ക് വർധിപ്പിച്ചിരുന്നു.
പണപ്പെരുപ്പം നിയന്ത്രണവിധേയമാകാത്തതും യുഎസിലെ പുതിയ സാമ്പത്തിക സൂചകങ്ങളും ഫെഡ് റിസർവ് ഇനിയും നിരക്ക് കൂട്ടിയേക്കുമെന്ന ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പലിശ വരുമാനം നൽകാത്ത സ്വർണത്തിന് ഇത് തിരിച്ചടിയാണ്.
യുഎസ് ബോണ്ട് യീൽഡ് ഉയരുന്നതും ഡോളർ കരുത്താർജിക്കുന്നതും വരുന്ന ദിവസങ്ങളിൽ സ്വർണവിലയിൽ സമ്മർദം ചെലുത്തിയേക്കാം. എന്നാൽ, സർക്കാരുകളുടെ വർധിച്ചുവരുന്ന കടബാധ്യതയും ലോകമെമ്പാടുമുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടരുന്നതും സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
മറുവശത്ത്, കേരളത്തിൽ സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ തുടരുകയാണ്. ഇന്നലെ രണ്ടു തവണയായി ഗ്രാമിന് ആകെ 1440 രൂപ കുറഞ്ഞെങ്കിലും ഇന്നു വിലയിൽ മാറ്റമില്ല.
നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,990 രൂപയും ഒരു പവന് 1,07,120 രൂപയുമാണ് വിപണി വില.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

