അമേരിക്കൻ ഭരണകൂടവും പ്രമുഖ മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള ഭിന്നത പുതിയ തലത്തിലേക്ക്. വൈറ്റ് ഹൗസ് ടെലിവിഷൻ പ്രസ് പൂൾ ചുമതലയിൽ നിന്നാണ് സിഎൻഎൻ-നെ ഔദ്യോഗികമായി ഒഴിവാക്കിയത്.
സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ തുടങ്ങിയ മാധ്യമങ്ങളെ വിലക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക നടപടി ഉണ്ടായിരിക്കുന്നത്. പതിവ് റൊട്ടേഷൻ സമ്പ്രദായമനുസരിച്ച് തിങ്കളാഴ്ച വൈറ്റ് ഹൗസ് ടിവി പൂളിന്റെ ചുമതല സിഎൻഎൻ-നായിരുന്നു നിശ്ചയിച്ചിരുന്നത്.
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിനായി ട്രംപ് ന്യൂയോർക്കിലേക്ക് യാത്ര തിരിക്കുമ്പോൾ, പ്രസിഡന്റിനൊപ്പം അനുഗമിച്ച് ദൃശ്യങ്ങൾ പകർത്തി മറ്റ് മാധ്യമസ്ഥാപനങ്ങൾക്കും ലഭ്യമാക്കേണ്ടിയിരുന്നത് സിഎൻഎൻ ആയിരുന്നു. എന്നാൽ, ഞായറാഴ്ച രാത്രി വൈറ്റ് ഹൗസ് പുറത്തുവിട്ട
പുതിയ മാധ്യമ ഷെഡ്യൂളിൽ മുഖ്യ ടിവി പൂൾ നെറ്റ്വർക്കായി ആരെയും ഉൾപ്പെടുത്തിയിരുന്നില്ല. എബിസി, സിബിഎസ്, സിഎൻഎൻ, എൻബിസി, ഫോക്സ് ന്യൂസ് എന്നീ അഞ്ച് പ്രമുഖ നെറ്റ്വർക്കുകൾ ദീർഘകാലമായി മാറിമാറിയാണ് വൈറ്റ് ഹൗസ് ടിവി പൂൾ ചുമതലകൾ നിർവഹിച്ചുപോരുന്നത്.
പ്രസിഡന്റിന്റെ ഔദ്യോഗിക പരിപാടികൾ ചിത്രീകരിച്ച് തത്സമയ ദൃശ്യങ്ങൾ മറ്റ് മാധ്യമങ്ങൾക്കുകൂടി പങ്കുവെക്കുന്നതാണ് ഈ പൂളിന്റെ പ്രധാന ഉത്തരവാദിത്തം. നിലവിലെ സാഹചര്യത്തിൽ സിഎൻഎൻ-നെ ഒഴിവാക്കിയ നടപടിയോട് മറ്റ് നാല് പ്രധാന നെറ്റ്വർക്കുകൾ എന്തുനയം സ്വീകരിക്കുമെന്നത് കൗതുകകരമാണ്.
അതേസമയം, മാധ്യമ വിലക്കിനെതിരെ ഫസ്റ്റ് അമെൻ്റ്മെൻ്റ് മുൻനിർത്തി ശക്തമായ നിയമനടപടികളിലേക്ക് നീങ്ങാൻ ബന്ധപ്പെട്ട മാധ്യമസ്ഥാപനങ്ങൾ തയാറെടുക്കുന്നതായാണ് സൂചന.
ഇതോടെ ഭരണകൂടവും മാധ്യമങ്ങളും തമ്മിലുള്ള ശത്രുത പുതിയൊരു നിയമപോരാട്ടത്തിലേക്ക് വഴിമാറുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

