ഹൈദരാബാദിൽ രാജ്യസഭ എംപിയുടെ മകൻ അമിത വേഗതയിൽ ഓടിച്ച ആഡംബര കാറിടിച്ച് യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തി.
അപകടത്തിൽ ഇരുപത്തിയാറുകാരിയായ ഭാരതി മുഖിയാണ് ജീവൻ വെടിഞ്ഞത്. ജനസേന പാർട്ടിയുടെ എംപിയായ ലിങ്കമനേനി രമേഷിന്റെ മകൻ ലിങ്കമനേനി സഞ്ജുഷ് (21) ഓടിച്ച വാഹനമാണ് അപകടം വിതച്ചത്.
നഗരത്തിലെ ഇനോർബിറ്റ് മാളിലെ വസ്ത്രസ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു മരണപ്പെട്ട ഭാരത്.
കഴിഞ്ഞ ഓഗസ്റ്റ് 16നായിരുന്നു നാടിനെ ഞെട്ടിച്ച ഈ ദുരന്തം ഉണ്ടായത്. മധപുരിലെ ജോലി സ്ഥലത്തിനു സമീപം ഭാരതിയും സുഹൃത്തും റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ വാഹനം യുവതിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
തലയിൽ ഗുരുതരമായി പരുക്കേറ്റ ഭാരതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് കാരണക്കാരനായത് സഞ്ജുഷാണെന്ന് ഹൈദരാബാദ് പൊലീസ് പിന്നീട് വ്യക്തമാക്കിയെങ്കിലും ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജനസേന പാർട്ടിയിൽനിന്നുള്ള എംപിയാണ് പ്രതിയുടെ പിതാവ് ലിങ്കമനേനി രമേഷ്. ഈ കേസിൽ പ്രതിക്ക് ഔദ്യോഗികമായി നോട്ടിസ് നൽകിയിട്ടുണ്ടെന്ന് മധപുർ അസിസ്റ്റന്റ് കമ്മിഷണർ വ്യക്തമാക്കി.
പരമാവധി ഏഴു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

