വിതുരയിലെ പൊന്മുടി സംസ്ഥാന ഹൈവേ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടന്നുവരുന്ന ഓട നിർമ്മാണം ശാസ്ത്രീയമല്ലെന്ന പരാതി ശക്തമാകുന്നു.
വിതുര കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപം ഒരു സ്വകാര്യ സ്കൂൾ മതിലിനോട് ചേർന്നാണ് നിലവിൽ ഓട നിർമ്മിച്ചുകൊണ്ടിരിക്കുന്നത്.
ഈ പ്രദേശത്തുള്ള വലിയൊരു പാല മരത്തിന്റെയും ആൽ മരത്തിന്റെയും ചുവട്ടിലെ മണ്ണ് പൂർണമായി നീക്കം ചെയ്ത്, മരങ്ങൾക്ക് ചുറ്റും വളഞ്ഞ രീതിയിലാണ് ഓട നിർമ്മിക്കുന്നത്.
നിർമ്മാണത്തിലെ ഈ രീതി ദീർഘകാലാടിസ്ഥാനത്തിൽ പ്രായോഗികമാകുമോ എന്നതിൽ നാട്ടുകാർ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു. പ്രത്യേകിച്ചും ആൽമരത്തിന്റെ വേരുകൾ ഭാവിയിൽ ഓടയുടെ ഭിത്തികൾ തകർക്കുന്നതിനും ജലപ്രവാഹം തടസ്സപ്പെടുന്നതിനും കാരണമാകുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു.
ഇത് മഴക്കാലത്ത് വലിയ തോതിലുള്ള വെള്ളക്കെട്ടിനും തന്മൂലം റോഡിന്റെ ബലക്ഷയത്തിനും വഴിവെച്ചേക്കാം. ഈ വിഷയം ചൂണ്ടിക്കാട്ടി പൊതു പ്രവർത്തകനായ സലിം മേമല പ്രതികരിച്ചത് ഇങ്ങനെയാണ്: ‘‘പൊതു ധനം ചെലവഴിച്ച് നടപ്പാക്കുന്ന വികസന പദ്ധതികൾ ദീർഘകാലം നിലനിൽക്കുന്നതും ജനങ്ങൾക്ക് പ്രയോജനകരവുമായ രീതിയിൽ നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ സത്വര നടപടി കൈക്കൊള്ളണം.’’ മരങ്ങളുടെ സ്ഥാനം കണക്കിലെടുക്കാതെ നിർമ്മിക്കുന്ന ഓട
മാറ്റി, വെള്ളം തടസ്സമില്ലാതെ സമീപത്തെ തോട്ടിലേക്ക് ഒഴുകുന്ന രീതിയിൽ ക്രമീകരണം വരുത്തണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. പൊതു പ്രവർത്തകനായ ലിബി കെ.
എബ്രഹാം വിഷയത്തിൽ പറയുന്നത് ഇങ്ങനെ: ‘‘പൊന്മുടി ഹൈവേയുമായി ബന്ധപ്പെട്ടുള്ള ഓട നിർമ്മാണം പലയിടത്തും ശാസ്ത്രീയമല്ല.
വ്യാപാരികളെ ബാധിക്കുന്നുണ്ട്. വേഗം പണി തീർക്കാനുള്ള വ്യഗ്രത മാത്രമാണ് എല്ലായിടത്തും.’’ വർഷങ്ങളായി തകർന്നു കിടന്ന ഹൈവേയുടെ ഭാഗമായി നിർമ്മിക്കുന്ന ഓടയിലെ കോൺക്രീറ്റ് ബലപ്പെടുത്തലുകൾ മരത്തിന്റെ വേരുകൾക്ക് മർദ്ദം ചെലുത്തുമെന്ന ആശങ്കയും നിലനിൽക്കുന്നു.
വേരുകൾക്ക് സമീപം നിർമ്മിക്കുന്ന ഭിത്തി ബലഹീനമായാൽ അത് ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ, അധികൃതർ ഈ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പുനഃപരിശോധിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

