തിരുവനന്തപുരം: തലസ്ഥാന നഗരത്തിലും പരിസരപ്രദേശങ്ങളിലും ബീക്കൺ ലൈറ്റ് ഉപയോഗിച്ച് അമിതവേഗത്തിൽ സഞ്ചരിച്ചിരുന്ന ഓൾട്ടോ കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരള-തമിഴ്നാട് അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഈ വാഹനത്തിന്റെ പ്രവർത്തനം.
പ്രതിദിനം പലതവണ ബീക്കൺ ലൈറ്റ് തെളിയിച്ചും, ഉച്ചത്തിൽ ഹോൺ മുഴക്കിയും അമിതവേഗത്തിൽ പാഞ്ഞിരുന്ന ഈ വാഹനം നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേത്തുടർന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പാറശാല മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്ന വാഹനമാണിതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കരാർ കാലാവധി അവസാനിച്ച ശേഷവും ബീക്കൺ ലൈറ്റ് നീക്കം ചെയ്യാതെ നഗരത്തിലും ബൈപ്പാസ് റോഡുകളിലും വാഹനം ഉപയോഗിക്കുകയായിരുന്നു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനം ക്രെയ്ൻ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.
പാറശാല സ്വദേശിയായ ഷാജിൻ എന്നയാളുടേതാണ് ഈ വാഹനമെന്ന് അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ നിയമലംഘനം നടന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ഇയാൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

