പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കി തൃണമൂൽ കോൺഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പാർട്ടി ഫണ്ടുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിമത എംഎൽഎമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സ്വകാര്യ ബാങ്കിലുള്ള ഈ മൂന്ന് അക്കൗണ്ടുകളിലായി 440 കോടി രൂപ നിക്ഷേപമുണ്ടെന്നാണ് വിവരം. ഈ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനോ മറ്റ് സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനോ നിലവിൽ അനുമതിയില്ല.
എന്നാൽ, ഈ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ തടസ്സമില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലാണ് പാർട്ടിയിൽ അധികാര തർക്കം മറനീക്കി പുറത്തുവരുന്നത്.
മുൻ മന്ത്രി അരൂപ് ബിശ്വാസ് നയിക്കുന്ന വിഭാഗവും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിലാണ് പാർട്ടിയുടെ സാമ്പത്തിക നിയന്ത്രണത്തിനായി പോരാടുന്നത്. ഋതബ്രത ബാനർജിയെ പിന്തുണയ്ക്കുന്ന പത്ത് എംഎൽഎമാർ ബിധാനഗർ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.
ഈ ഭീമമായ തുകയുടെ ഉറവിടം സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ലെന്ന് വിമതർ ആരോപിക്കുന്നു. അഴിമതിയിലൂടെയോ, തട്ടിപ്പുകളിലൂടെയോ സ്വാധീനം ദുരുപയോഗം ചെയ്ത് സമാഹരിച്ചതാണോ ഇതെന്നും പൊതുപണം വകമാറ്റിയതാണോ എന്നും അന്വേഷിക്കണമെന്നാണ് പോലീസിന് നൽകിയ പരാതിയിലെ പ്രധാന ആവശ്യം.
ഇതിനിടെ, പാർട്ടി ഫണ്ട് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് കാണിച്ച് അരൂപ് ബിശ്വാസ് ബാങ്കിന് കത്ത് നൽകിയിരുന്നു. തർക്കങ്ങൾ പരിഹരിക്കുന്നത് വരെ ഇടപാടുകൾ നിർത്തിവെക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
എന്നാൽ, നിലവിൽ അരൂപ് ബിശ്വാസ് പാർട്ടി ട്രഷറർ സ്ഥാനത്ത് ഇല്ലെന്നും, അദ്ദേഹത്തിന് പാർട്ടി കാര്യങ്ങൾ സംസാരിക്കാൻ അധികാരമില്ലെന്നും മമതാ ബാനർജി പക്ഷത്തെ എംഎൽഎയായ കുനാൽ ഘോഷ് വ്യക്തമാക്കി. ജൂൺ 5-ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സുഭാശിഷ് ചക്രവർത്തിയെ പുതിയ ട്രഷററായി ഐകകണ്ഠേന തിരഞ്ഞെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

