പൂച്ചാക്കൽ: ആയിരക്കണക്കിന് ആളുകൾക്ക് യാത്രാസൗകര്യമൊരുക്കുന്ന പെരുമ്പളം പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അനിശ്ചിതമായി നീളുന്നു. മാർച്ച് 7-ന് ഉദ്ഘാടനം നിർവഹിച്ച പാലത്തിലെ ടാറിങ് ഉൾപ്പെടെയുള്ള നിർണായക ജോലികൾ പൂർത്തിയാകാത്തത് പൊതുജനങ്ങൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഉദ്ഘാടനത്തിന് ശേഷം ടാറിങ് പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നുമായിരുന്നു അധികൃതരുടെ വാഗ്ദാനം. എന്നാൽ, രണ്ട് മാസം പിന്നിട്ടിട്ടും ടാറിങ് ഭാഗികമായി മാത്രമാണ് പൂർത്തിയായത്.
പാലത്തിലും അപ്രോച്ച് റോഡുകളിലും രണ്ടാം ഘട്ട ടാറിങ് ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
നിർമാണ സാമഗ്രികളും യന്ത്രങ്ങളും പാലത്തിൽ തന്നെ കിടക്കുന്നത് രാത്രികാലങ്ങളിൽ വലിയ അപകടസാധ്യതയ്ക്ക് വഴിവെക്കുന്നു. അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് നിർമാണം വൈകാൻ കാരണമെന്നാണ് കരാറുകാരുടെ വിശദീകരണം.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പാലത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കെൽട്രോണിന് കരാർ നൽകിയെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും, പാലത്തിലും അപ്രോച്ച് റോഡുകളിലും തെരുവുവിളക്കുകൾ ഇതുവരെ സ്ഥാപിച്ചിട്ടില്ല.
ഇതിനു പുറമെ, പാലത്തിൽ അനധികൃത പാർക്കിംഗും കച്ചവടവും വർധിച്ചത് മാലിന്യപ്രശ്നങ്ങൾക്കും കാരണമായിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ പാലത്തിലും കായലിലും തള്ളുന്ന പ്രവണത വർധിച്ചു.
രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പാലം ഉദ്ഘാടന ദിവസം എറണാകുളം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി ബസ് സർവീസുകൾ പ്രഖ്യാപിക്കുകയും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തിരുന്നെങ്കിലും, തുടർന്ന് സർവീസ് ആരംഭിക്കാൻ അധികൃതർക്കായില്ല.
ടാറിങ് പൂർത്തിയായ ശേഷം മാത്രമേ ബസ് സർവീസ് തുടങ്ങുകയുള്ളൂ എന്ന നിലപാടിലാണ് അധികൃതർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

