രാജ്യത്ത് തുടരുന്ന ഇന്ധനവില വർധനവിനൊപ്പം വായ്പാ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി പലിശ നിരക്കുകളിൽ വർധനവുണ്ടാകുമെന്ന് സൂചന. അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം 97 എന്ന നിലവാരത്തിലേക്ക് ഇടിഞ്ഞതും, വർധിച്ചുവരുന്ന പണപ്പെരുപ്പവുമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ (ആർബിഐ) കടുത്ത സാമ്പത്തിക തീരുമാനങ്ങളിലേക്ക് എത്തിക്കുന്നത്.
വിദേശനാണ്യ വിപണിയിലെ അസ്ഥിരതയും ഇറക്കുമതിച്ചെലവിലെ വർധനവും മറികടക്കാൻ റീപ്പോ നിരക്ക് ഉയർത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആർബിഐയുടെ സജീവ പരിഗണനയിലാണ്. ജൂൺ 3 മുതൽ 5 വരെ നടക്കുന്ന റിസർവ് ബാങ്കിന്റെ പണനയ സമിതി യോഗം ഇക്കാര്യത്തിൽ നിർണായകമാകും.
നിലവിൽ 5.25 ശതമാനമായ റീപ്പോ നിരക്കിൽ 50 മുതൽ 75 വരെ ബേസിസ് പോയിന്റ് (ബിപിഎസ്) വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ധരായ അനുഭൂതി സഹായ്, സൗരവ് ആനന്ദ് എന്നിവരുടെ നിരീക്ഷണം ഇങ്ങനെയാണ്: “ജൂണിലും ഓഗസ്റ്റിലും 25 ബിപിഎസ് വീതം വർധനയുണ്ടാകുമെന്നാണ് കരുതുന്നത്.
ഇനി ജൂണിൽ നിരക്ക് കൂട്ടിയില്ലെങ്കിൽ ഓഗസ്റ്റിൽ 50 ബിപിഎസ് വർധിക്കും.” ആർബിഐ പലിശ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചാൽ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകളിൽ ബാങ്കുകൾ മാറ്റം വരുത്തും. ഇത് വായ്പക്കാരുടെ പ്രതിമാസ തിരിച്ചടവ് തുകയിലോ (ഇഎംഐ) തിരിച്ചടവ് കാലാവധിയിലോ കാര്യമായ സ്വാധീനം ചെലുത്തും.
അതേസമയം, ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകളിൽ വർധനവുണ്ടാകുന്നത് നിക്ഷേപകർക്ക് ഗുണകരമാകും. വിപണിയിലെ പണലഭ്യത (ലിക്വിഡിറ്റി) ഉറപ്പുവരുത്തുന്നതിനായി 500 കോടി ഡോളർ (ഏകദേശം 48,454 കോടി രൂപ) ബാങ്കിങ് സംവിധാനത്തിലേക്ക് ലഭ്യമാക്കാനും റിസർവ് ബാങ്ക് നടപടികൾ സ്വീകരിക്കുന്നുണ്ട്.
ഡോളർ-റുപ്പി സ്വാപ് ലേലത്തിലൂടെ മൂന്ന് വർഷത്തെ കാലാവധിയിലാണ് ഈ തുക ലഭ്യമാക്കുക. വിപണിയിലെ രൂപയുടെ മൂല്യത്തകർച്ച തടയുകയാണ് ഈ നീക്കത്തിലൂടെ ആർബിഐ ലക്ഷ്യമിടുന്നത്.
ഈ സാമ്പത്തിക തീരുമാനങ്ങൾ ഓഹരി വിപണിയിലും പ്രതിഫലിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

