കണ്ണൂർ ചാലാട് സ്ഥിതി ചെയ്യുന്ന ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി മോഷണം. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്ത് കടന്ന മോഷ്ടാവ്, ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനായ വൈഷ്ണവിനെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമാണ് മോഷണത്തിന് തുടക്കമിട്ടത്.
പിക്കാസുമായി എത്തിയ പ്രതി, വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്തുകയറി മേശവലിപ്പ് കുത്തിത്തുറന്ന് പണം അപഹരിച്ചു. തുടർന്ന് ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തുവെങ്കിലും പണം നഷ്ടപ്പെട്ടില്ല.
ഇതിനുശേഷം ക്ഷേത്രനടയിലെ മേശയും വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരവും തകർത്ത് പണം കൈക്കലാക്കി. ഏകദേശം 20,000 രൂപയോളം മോഷണം പോയതായാണ് പ്രാഥമിക കണക്ക്.
ക്ഷേത്രം മാനേജർ സി.എം.ശ്രീജിത്ത് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. മോഷണത്തിനിടെ പിൻവശത്തെ ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കുന്നത് ശ്രദ്ധയിൽപ്പെട്ട
സുരക്ഷാ ജീവനക്കാരൻ വാതിൽ തള്ളിത്തുറന്ന് പുറത്തെത്തുകയും മോഷ്ടാവുമായി ഏറ്റുമുട്ടുകയും ചെയ്തു. “പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന്” സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് വ്യക്തമാക്കി.
ഒടുവിൽ ജീവനക്കാരനെ തള്ളിമാറ്റിയ ശേഷം മോഷ്ടാവ് പിൻവശത്തെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മോഷ്ടാവിന്റെ രണ്ട് ടോർച്ചുകൾ ക്ഷേത്രത്തിനകത്ത് നിന്നും കണ്ടെടുത്തു. വിവരമറിഞ്ഞ് പൊലീസ് സംഘവും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

