കണ്ണൂർ ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ വൻ കവർച്ച. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അക്രമം നടന്നത്.
ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനെ മുറിക്കുള്ളിലാക്കി പൂട്ടിയിട്ട ശേഷമായിരുന്നു മോഷ്ടാവിന്റെ പ്രവർത്തനം.
സംഭവത്തിൽ ഏകദേശം 20,000 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം മാനേജർ സി.എം.ശ്രീജിത്ത് ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്ത് പ്രവേശിച്ച മോഷ്ടാവ്, മുറിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ വൈഷ്ണവിനെ പുറത്തുനിന്ന് പൂട്ടിയിടുകയായിരുന്നു.
പിക്കാസുമായി എത്തിയ പ്രതി വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കടക്കുകയും മേശവലിപ്പുകൾ കുത്തിത്തുറന്ന് പണം കവരുകയുമായിരുന്നു. തുടർന്ന് ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമം നടത്തിയെങ്കിലും പണം കൈക്കലാക്കാൻ സാധിച്ചില്ല.
പിന്നീട് ക്ഷേത്രനടയിലെ മേശയും വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരവും തകർത്ത് പണം അപഹരിച്ചു. പിൻവശത്തെ ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരൻ വാതിൽ തള്ളിത്തുറന്ന് പുറത്തെത്തുകയും മോഷ്ടാവുമായി നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു.
“പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന്” സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് പറഞ്ഞു. ഏറെ നേരത്തെ മൽപ്പിടുത്തത്തിന് ശേഷം ജീവനക്കാരനെ തള്ളിമാറ്റി മോഷ്ടാവ് പിൻവശത്തെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന രണ്ട് ടോർച്ചുകൾ പോലീസ് കണ്ടെടുത്തു. ഇരുവരും തമ്മിലുള്ള മൽപ്പിടുത്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.
ടൗൺ പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായ തെളിവെടുപ്പ് നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

