ഇന്ധനവിലയിലെ തുടർച്ചയായ വർധനയും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കടുത്ത വെല്ലുവിളികളിലേക്ക് നയിക്കുന്നു. അമേരിക്കൻ ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം 97 എന്ന നിലവാരത്തിലേക്ക് താഴ്ന്ന സാഹചര്യത്തിൽ, സ്ഥിരത ഉറപ്പാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് ഉയർത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ സാമ്പത്തിക രംഗത്ത് സജീവ ചർച്ചയാവുകയാണ്.
പണപ്പെരുപ്പം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സ്വീകരിക്കുന്ന ഇത്തരം നടപടികൾ, സാധാരണക്കാരായ വായ്പക്കാരുടെ പ്രതിമാസ തിരിച്ചടവ് തുകയിൽ (ഇഎംഐ) വർധനയ്ക്ക് വഴിവെച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജൂൺ 3 മുതൽ 5 വരെ ചേരുന്ന ആർബിഐ പണനയ സമിതി യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎസ്-ഇറാൻ സംഘർഷങ്ങൾ രാജ്യത്തിന്റെ ഇറക്കുമതി ചെലവ് വർധിപ്പിക്കുകയും വിദേശനാണ്യ ശേഖരത്തിൽ കുറവുണ്ടാക്കുകയും ചെയ്തത് സമ്പദ്വ്യവസ്ഥയുടെ സ്ഥിരതയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. നിലവിലെ 5.25 ശതമാനം പലിശ നിരക്കിൽ 50 മുതൽ 75 ബിപിഎസ് (ബേസിസ് പോയിന്റ്) വരെ വർധന ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ധരായ അനുഭൂതി സഹായ്, സൗരവ് ആനന്ദ് എന്നിവർ വിഷയത്തിൽ വ്യക്തമാക്കിയത് ഇപ്രകാരമാണ്: “ജൂണിലും ഓഗസ്റ്റിലും 25 ബിപിഎസ് വീതം വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. ഇനി ജൂണിൽ നിരക്ക് കൂട്ടിയില്ലെങ്കിൽ ഓഗസ്റ്റിൽ 50 ബിപിഎസ് വർധിക്കും”.
റിപ്പോ നിരക്ക് ഉയരുന്നതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകൾ വർധിപ്പിക്കാൻ ബാങ്കുകൾ നിർബന്ധിതരാകും. ഇത് ഉപഭോക്താക്കളുടെ വായ്പാ തിരിച്ചടവ് കാലാവധിയിലോ ഇഎംഐ തുകയിലോ വർധന ഉണ്ടാക്കും.
അതേസമയം, സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയരുന്നത് നിക്ഷേപകർക്ക് ഗുണകരമായേക്കാം. വിപണിയിലെ ഈ മാറ്റങ്ങൾ ഓഹരി വിപണിയെയും പ്രകടമായി സ്വാധീനിച്ചേക്കും.
പ്രതിസന്ധി മറികടക്കാനും വിപണിയിൽ പണലഭ്യത ഉറപ്പാക്കാനും ഡോളർ-റുപ്പി സ്വാപ് ലേലത്തിലൂടെ 500 കോടി ഡോളർ ബാങ്കിങ് സംവിധാനത്തിലേക്ക് എത്തിക്കാൻ ആർബിഐ പദ്ധതിയിടുന്നുണ്ട്. ഇതിനായി ബാങ്കുകളിൽ നിന്ന് ഡോളർ സ്വീകരിച്ച് പകരം രൂപ നൽകും.
മൂന്ന് വർഷത്തിന് ശേഷം ബാങ്കുകൾക്ക് ഈ ഡോളർ തിരികെ വാങ്ങാൻ സൗകര്യം ഉണ്ടായിരിക്കും. രൂപയുടെ മൂല്യം ഇടിഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ആർബിഐയുടെ ഈ നടപടി നിർണായകമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

