എറണാകുളം മലയിടംതുരുത്തിൽ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പൊലീസ് നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. വിഷയത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി ഇന്ന് മലയിടംതുരുത്തിൽ നടക്കും.
സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഏഴ് പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികൾക്കെതിരെ നാട്ടുകാർ രംഗത്തിറങ്ങിയതോടെയാണ് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്. ഇന്നലെ രാവിലെ മുതൽ പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്.
അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കാൻ ശ്രമിച്ചെങ്കിലും ജനകീയ പ്രതിഷേധത്തെത്തുടർന്ന് പിന്തിരിയേണ്ടി വന്നു.
പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ പൊലീസ് നടത്തിയ ബലപ്രയോഗം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കാളികളായതോടെ വിഷയം അതീവ ഗൗരവകരമായി മാറി.
തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെടുകയും, കൊച്ചി പൊലീസിനോട് നടപടികൾ നിർത്തിവെക്കാൻ കർശന നിർദേശം നൽകുകയും ചെയ്തു. മന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്ന് പൊലീസ് സംഘം പ്രദേശത്ത് നിന്ന് പിരിഞ്ഞുപോവുകയായിരുന്നു.
അതേസമയം, ബലപ്രയോഗം ഒഴിവാക്കണമെന്ന നിർദ്ദേശം നിലനിൽക്കെ എന്തുകൊണ്ട് പൊലീസ് ഇത്തരമൊരു നടപടിയിലേക്ക് കടന്നു എന്നതിൽ ആലുവ റൂറൽ എസ്.പി ഇന്ന് എറണാകുളം റേഞ്ച് ഐജിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി അരനൂറ്റാണ്ടായി തുടരുന്ന തർക്കമാണിത്.
കോടതി ഉത്തരവ് നടപ്പിലാക്കാൻ അധികൃതർ നടത്തുന്ന പതിനഞ്ചാമത്തെ ശ്രമമാണ് ഇപ്പോൾ പരാജയപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

