കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ നേരിട്ട അറുനൂറിലേറെ കുടുംബങ്ങൾ മാസങ്ങളായി ദുരിതത്തിൽ.
ദുരന്തം സംഭവിച്ച് രണ്ടു വർഷം പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കാൻ നടപടികളായിട്ടില്ല. വീടുകളും റോഡുകളും തകർന്നതുൾപ്പെടെയുള്ള നഷ്ടങ്ങൾ സംബന്ധിച്ച് പഞ്ചായത്ത്, ജില്ലാ ഭരണകൂടം, മന്ത്രിതലങ്ങൾ എന്നിവിടങ്ങളിൽ നിരന്തരം പരാതികൾ നൽകിയിട്ടും ഫലമുണ്ടായില്ല.
തകർന്ന വീടുകളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികൾ പോലും പൂർത്തിയാക്കാൻ കഴിയാത്തത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. 2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിലെ അർഹരായ 600-ലേറെ പേർക്കായി 12 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭിക്കാനുള്ളത്.
കൃഷിനാശം സംഭവിച്ചവരും വീട് ഭാഗികമായും പൂർണമായും നഷ്ടപ്പെട്ടവരും ഇതിൽ ഉൾപ്പെടുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നഷ്ടപരിഹാര വിതരണത്തിനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ കണക്കുകൾ കലക്ടർക്കും സർക്കാരിനും സമർപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ഫണ്ട് അനുവദിച്ചതായി വിവരങ്ങൾ ലഭിച്ചെങ്കിലും ഗുണഭോക്താക്കൾക്ക് തുക കൈമാറിയില്ല.
തുടർന്ന് വന്ന നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. തുടർച്ചയായ കാലതാമസത്തിനൊടുവിൽ, കഴിഞ്ഞയാഴ്ച ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച റിമൈൻഡർ റിപ്പോർട്ട് ബന്ധപ്പെട്ട
വകുപ്പിന് കൈമാറിയിട്ടുണ്ട്. പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ തുക ഉടൻ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും ദുരിതബാധിതരും.
ഫണ്ട് ലഭിക്കാൻ വൈകിയതിനെത്തുടർന്ന് പല അടിയന്തര പ്രവൃത്തികളും കരാറുകാർ സ്വന്തം നിലയിൽ പൂർത്തിയാക്കിയിരുന്നുവെങ്കിലും ഇവർക്കും പ്രതിഫലം ലഭിച്ചിട്ടില്ല. റോഡ് പുനർനിർമാണം, വീടുകളുടെ അറ്റകുറ്റപ്പണി, കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം, മൃഗങ്ങൾക്കുള്ള സഹായം, ദുരിതബാധിതരുടെ പുനരധിവാസം എന്നിവയ്ക്കാണ് പ്രധാനമായും ഫണ്ട് അടിയന്തരമായി ആവശ്യമുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

