പത്തനംതിട്ട ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും ലക്ഷ്യമാക്കി ആവിഷ്കരിച്ച മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതി പ്രതിസന്ധിയിൽ.
നൂറു ശതമാനം സബ്സിഡി നിരക്കിൽ വിതരണം ചെയ്യാനായി വൻ തുക ചെലവഴിച്ച് വാങ്ങിയ സ്റ്റോക്കുകൾ, വേണ്ടത്ര ബോധവൽക്കരണം ലഭിക്കാത്തതിനെ തുടർന്ന് വിതരണം ചെയ്യാനാകാതെ കാലാവധി കഴിഞ്ഞ് നശിക്കുന്ന അവസ്ഥയിലാണ്. പഞ്ചായത്തുകൾ, കുടുംബശ്രീ, ഗ്രാമസഭകൾ എന്നിവയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടിക പ്രകാരമാണ് മെൻസ്ട്രൽ കപ്പുകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് കൈമാറിയത്.
എന്നാൽ, ശാസ്ത്രീയമായ ബോധവൽക്കരണ ക്ലാസുകൾ നടപ്പിലാക്കുന്നതിൽ വന്ന വീഴ്ചയാണ് പദ്ധതിയുടെ പ്രധാന തിരിച്ചടിക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ സ്റ്റോക്കുകൾ കെട്ടിക്കിടക്കുകയാണ്.
നാരങ്ങാനം പഞ്ചായത്തിൽ വികസന ഫണ്ടിൽ നിന്ന് 3.44 ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ 1150 മെൻസ്ട്രൽ കപ്പുകളിൽ 205 എണ്ണം മാത്രമാണ് ഇതുവരെ വിതരണം ചെയ്യാനായത്. ബാക്കിയുള്ള 945 എണ്ണം കടമ്മനിട്ട
കുടുംബാരോഗ്യ കേന്ദ്രത്തിലെ മെയിൻ ഹെൽത്ത് സെന്ററിലും സബ് സെന്ററുകളിലുമായി സൂക്ഷിച്ചിരിക്കുകയാണ്. പന്തളം തെക്കേക്കര പഞ്ചായത്തിൽ ഒരു ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ 333 കപ്പുകൾ ഒരെണ്ണം പോലും വിതരണം ചെയ്യാതെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അനാഥമായി കിടക്കുന്നു.
ഗുണഭോക്താക്കളുടെ എണ്ണം മുൻകൂട്ടി കൃത്യമായി കണക്കാക്കാതെയാണ് ഇവിടെ പർച്ചേസ് നടപടികൾ പൂർത്തിയാക്കിയത്. കോന്നി, കടപ്ര, കുറ്റൂർ തുടങ്ങിയ പഞ്ചായത്തുകളിലും സമാനമായ സാഹചര്യം തുടരുകയാണ്.
കടപ്രയിൽ 2.95 ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ 985 കപ്പുകളിൽ 23 എണ്ണം മാത്രമാണ് വിതരണം ചെയ്യാനായത്. 57 എണ്ണം ഇപ്പോഴും പ്രാഥമികാരോഗ്യ കേന്ദ്രത്തിലുണ്ട്.
കുറ്റൂർ പഞ്ചായത്തിൽ വാങ്ങിയ 1423 കപ്പുകളിൽ 571 എണ്ണം വിതരണം ചെയ്യാനുണ്ട്. സാനിറ്ററി പാഡുകളെ അപേക്ഷിച്ച് പരിസ്ഥിതി സൗഹൃദവും സാമ്പത്തിക ലാഭമുള്ളതുമായ മെൻസ്ട്രൽ കപ്പുകൾ കൃത്യമായ മാർഗനിർദേശങ്ങളോടെ ഉപയോഗിക്കുന്നത് ആരോഗ്യപരമായി ഗുണകരമാണ്.
ആശാ പ്രവർത്തകരെയും കുടുംബശ്രീ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് വിപുലമായ രീതിയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചാൽ മാത്രമേ ഇത്തരത്തിലുള്ള പദ്ധതികൾക്ക് അർഹമായ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

