മുംബൈയിൽ വെച്ച് പൊലീസ് പിടിയിലായ മോഡലിങ് കെണി കേസിലെ മുഖ്യ ആസൂത്രക സിന്ധുവിനെ കൊച്ചിയിലെത്തിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ സംഘടിത കുറ്റകൃത്യത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും പ്രവർത്തിച്ചിരുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ സ്ഥിരീകരിച്ചു. മോഡലിങ് എന്ന വ്യാജേന പെൺകുട്ടികളെ വിദേശത്തെത്തിക്കുകയും സെക്സ് റാക്കറ്റുകൾക്ക് മുന്നിലെത്തിച്ച് കൂട്ടബലാത്സംഘത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
അതിജീവിതകളെ കാരിയർമാരാക്കി സ്വർണ്ണക്കടത്ത് നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങൾ വഴിയാണ് ഇവർ വിദേശത്തേക്ക് യാത്ര ചെയ്തിരുന്നത്.
വിസ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി നൽകിയത് സിന്ധുവാണെന്നും, ദുബായിൽ ഫാഷൻ ഷോ ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയതെന്നും വ്യക്തമായിട്ടുണ്ട്. കേസിൽ ഇനിയും രണ്ട് സ്ത്രീകളെ കൂടി പിടികൂടാനുണ്ട്.
ഇവരെ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടുതൽ ഇരകൾ വരും ദിവസങ്ങളിൽ പരാതിയുമായി മുന്നോട്ടുവരുമെന്നാണ് പൊലീസ് കരുതുന്നത്.
ഇതിനിടെ, കേസിലെ മറ്റൊരു പ്രതിയായ അലീന പരാതിക്കാരെ ഭീഷണിപ്പെടുത്തിയതായി വിവരങ്ങൾ പുറത്തുവന്നു. അലീനയുടേതെന്ന് സംശയിക്കുന്ന ശബ്ദ സന്ദേശങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

