സംസ്ഥാന സ്കൂൾ കായികമേളയിലെ കായികതാരങ്ങൾക്കായി പോഷകസമൃദ്ധമായ ഭക്ഷണക്രമവുമായി പ്രശസ്ത കാറ്ററിങ് ഷെഫ് പഴയിടം മോഹനൻ നമ്പൂതിരി ഇത്തവണയും കോഴിക്കോട്ടെത്തുന്നു. ചിക്കനും ബീഫും പാലും പഴവും മുട്ടയുമടങ്ങിയ വിഭവങ്ങളാണ് താരങ്ങൾക്കായി ഒരുക്കുന്നത്.
കുട്ടികൾക്ക് മത്സരവേദിയിൽ നിന്നും ദൂരെയുള്ള ഭക്ഷണശാലയിലേക്ക് എത്തിച്ചേരുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇത്തവണത്തെ മേളയ്ക്കായി രണ്ട് പ്രത്യേക അടുക്കളകളാണ് സജ്ജമാക്കുന്നത്. മത്സരവേദികളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കാനും അവിടെത്തന്നെ കഴിക്കുന്നതിനുള്ള സൗകര്യങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
ചാത്തമംഗലം പന്ത്രണ്ടിലെ എൻഐടിയുടെ പുതിയ സ്പോർട്സ് അരീനയിലാണ് പ്രധാന പാചകശാലയും വിശാലമായ ഭക്ഷണപ്പുരയും ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമേ, കൊടിയത്തൂർ പിടിഎം എച്ച്എസ്എസ്സിലാണ് രണ്ടാമത്തെ പാചകശാല പ്രവർത്തിക്കുന്നത്.
എൻഐടി മൈതാനത്ത് കലവറയും പാചകപ്പുരയുമടക്കം 12000 ചതുരശ്ര അടി വിസ്തൃതിയിലാണ് പ്രധാന പാചകശാല ഒരുങ്ങുന്നത്. ഒരേസമയം ഭക്ഷണശാലയിൽ ഒരുനേരം ശരാശരി 15000 പേരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രിഭക്ഷണം എന്നിവയ്ക്ക് പുറമെ ഇടവേളകളിൽ റഫറിമാർക്കും സംഘാടകർക്കും ചായയും ലഘുഭക്ഷണങ്ങളും ലഭ്യമാക്കും. കായികതാരങ്ങൾക്ക് രാവിലെ ഭക്ഷണത്തോടൊപ്പം പാലും മുട്ടയും രാത്രി ഭക്ഷണത്തിനൊപ്പം കട്ട് ഫ്രൂട്സും നൽകുന്നതാണ് പതിവ്.
ഈ മുൻകാല രീതി ഇത്തവണയും കർശനമായി തുടരും. പി.കെ.അരവിന്ദൻ അധ്യക്ഷനായുള്ള പ്രത്യേക ഭക്ഷണ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ആകെ 10 വേദികളിലാണ് മേളയിലെ മത്സരങ്ങൾ നടക്കുന്നത്. ഭക്ഷണശാലകളുള്ള എൻഐടിയും കൊടിയത്തൂർ പിടിഎമ്മുമൊഴികെയുള്ള മറ്റ് 8 വേദികളിലേക്കും എൻഐടിയിലെ പ്രധാന ഭക്ഷണശാലയിൽ നിന്നും കൃത്യസമയത്ത് ഭക്ഷണം എത്തിക്കും.
ഇതിനായി പ്രത്യേക വാഹനങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് അധ്യാപകർ വ്യക്തമാക്കി. പാചകശാലകളുടെ നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ അന്തിമഘട്ടത്തിലാണ്.
എൻഐടിയിലെ ഭക്ഷണശാലയിൽ അവസാനവട്ട തട്ടടിക്കുന്ന ജോലികളാണ് തിങ്കളാഴ്ച പൂർത്തിയായത്.
പാചകശാലകളുടെ നിർമാണ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായി പഴയിടം മോഹനൻ നമ്പൂതിരിയും മകൻ യദു പഴയിടവും അടങ്ങുന്ന സംഘം എൻഐടി മൈതാനത്ത് സന്ദർശനം നടത്തി. തുടർന്ന് മെഡിക്കൽ കോളജ് ക്യാംപസ് എച്ച്എസ്എസ്സിൽ ജില്ലാ കായികമേളയുടെ ഭക്ഷണശാലയിലെത്തി ഉച്ചഭക്ഷണവും കഴിച്ചാണ് സംഘം മടങ്ങിയത്.
രണ്ടു വർഷം മുൻപ് കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനും പഴയിടം മോഹനൻ നമ്പൂതിരി തന്നെയാണ് ഭക്ഷണമൊരുക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

