കൊച്ചി: ഏറെ രാഷ്ട്രീയ ശ്രദ്ധ നേടിയ മാസപ്പടി കേസിൽ കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. കേസ് വാദം കേൾക്കുന്നതിനായി കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു.
ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അധ്യക്ഷനായ പ്രത്യേക ബെഞ്ചാകും ഹർജിയിൽ വാദം കേൾക്കുക. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട
കേരള ഹൈക്കോടതി സിംഗൾ ബെഞ്ച് നടപടി ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെയുള്ളവർ കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതിപ്പട്ടികയിലുള്ളവരുടെ ഭാഗം കേൾക്കാതെയാണ് സിംഗൾ ബെഞ്ച് ഉത്തരവിറക്കിയതെന്നും ഇത് നിയമപരമായി നിലനിൽക്കില്ലെന്നും ചൂണ്ടിക്കാണിച്ചാണ് അപ്പീൽ നൽകിയിട്ടുള്ളത്. എന്നാൽ ഈ ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തയ്യാറായിരുന്നില്ല.
ഇതേത്തുടർന്നാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. 82 വയസുള്ള ഉന്നത രാഷ്ട്രീയ നേതാവായ പിണറായി വിജയൻ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്നും അതിനാൽ കേസ് വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ച് കേസ് പരിഗണിക്കുന്നത് പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ച് പുതിയ ലിസ്റ്റ് പുറത്തിറക്കിയത്.
ആന്ധ്രാപ്രദേശിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈഎസ്ആർ കോൺഗ്രസ് നൽകിയ ഹർജിയും സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കുന്നവയുടെ കൂട്ടത്തിലുണ്ട്. ഈ നിർണായക കേസിൽ കേന്ദ്രസർക്കാരിന്റെ അഭിഭാഷകരും നേരിട്ട് ഹാജരായേക്കുമെന്നാണ് സൂചന.
സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് അതിനിർണ്ണായകമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

