ചാരുംമൂട്: ദേശീയപാതയോരത്ത് കെട്ടിടങ്ങൾ നിർമിക്കുന്നതിന് അനുമതി ലഭിക്കാത്തത് നൂറുകണക്കിന് കുടുംബങ്ങളെയും വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നു. റോഡിന്റെ മധ്യഭാഗത്തുനിന്ന് വീടുകൾക്ക് 40 മീറ്ററും വാണിജ്യ കെട്ടിടങ്ങൾക്ക് 70 മീറ്ററും അകലം പാലിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർമാണ പെർമിറ്റുകൾ നൽകുന്നത് നിർത്തിവെച്ചത്.
കൊല്ലം–തേനി ദേശീയപാതയുടെ വശങ്ങളിൽ ഭൂമിയുള്ള നിരവധി ഉടമകളാണ് കെട്ടിട നിർമാണ അനുമതിക്കായി വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ വാതിൽക്കൽ കയറിയിറങ്ങുന്നത്.
എന്നാൽ നിലവിലെ കോടതി ഉത്തരവ് കർശനമായി പാലിക്കേണ്ടി വരുന്നതിനാൽ ഉദ്യോഗസ്ഥർ പെർമിറ്റുകൾ അനുവദിക്കാൻ വിമുഖത കാട്ടുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.
സർക്കാരിന് അനുകൂലമായ വിധി ലഭിച്ചാൽ മാത്രമേ നിർമാണ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. അതേസമയം, കോടതിയിൽ നിന്ന് അനുകൂലമായ തീരുമാനം ലഭിച്ചാലും, ഭാവിയിൽ നിർമിക്കുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടി വരുമോ എന്ന ആശങ്കയും ഉടമകൾ പങ്കുവെക്കുന്നു.
അതിനാൽ അനുമതി ലഭിച്ചാൽ പോലും നിർമാണവുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തിൽ പലരും ആശങ്കയിലാണ്. എങ്കിലും, വരും ദിവസങ്ങളിൽ അപ്പീലിൽ അനുകൂലമായ നടപടികൾ ഉണ്ടാകുമെന്നും കെട്ടിട
നിർമാണത്തിന് സർക്കാർ അനുമതി നൽകുമെന്നുമാണ് പുറത്തുവരുന്ന സൂചനകൾ. സർക്കാർ തലത്തിൽ അനുകൂല തീരുമാനമുണ്ടായാൽ ഉടൻ തന്നെ ഇതുസംബന്ധിച്ച ഉത്തരവുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറുമെന്നാണ് കരുതപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

