ബത്തേരി∙ വ്യാജമദ്യം സൂക്ഷിച്ച കേസിൽ റിമാൻഡിലായ ആന്റോ അഗസ്റ്റിൻ വീടിന്റെ തരംമാറ്റാൻ അപേക്ഷ നൽകിയത് വീട്ടിൽ സമാന്തര ബാർ നടത്താനായിരുന്നോയെന്നു സംശയാസ്പദമാണെന്ന് അന്വേഷണ സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്. പ്രതിയുടെ വീട്ടിൽനിന്ന് ആൽക്കഹോൾ അടങ്ങിയ 12.750 ലീറ്റർ പാനീയം കണ്ടെത്തിയിരുന്നു.
പ്രതിക്കു മറ്റെവിടെയെങ്കിലും ഇത്തരം മദ്യനിർമാണ യൂണിറ്റുകളുണ്ടോയെന്നു കണ്ടെത്തേണ്ടതുണ്ടെന്നും എക്സൈസ് കോടതിയെ അറിയിച്ചു. വീട് തന്റേതല്ലെന്ന ആന്റോയുടെ വാദം എക്സൈസ് പൂർണ്ണമായും തള്ളി.
അനധികൃതമായി സൂക്ഷിച്ച മദ്യം കണ്ടെത്തിയ വീട് ആന്റോ അഗസ്റ്റിന്റേതല്ലെന്ന വാദമാണു പ്രതിഭാഗം കോടതിയിൽ പ്രധാനമായും ഉയർത്തിയത്. എന്നാൽ, മാർച്ച് 18ന് മുട്ടിൽ പഞ്ചായത്തിൽ വീടിനു നികുതിയായി 8068 രൂപ അടച്ചതിന്റെ രേഖ എക്സൈസ് കോടതിയിൽ ഹാജരാക്കി.
ആന്റോയെ അറസ്റ്റ് ചെയ്ത സെപ്റ്റംബർ 17ന് മുട്ടിൽ പഞ്ചായത്ത് സെക്രട്ടറി നൽകിയ സർട്ടിഫിക്കറ്റിലും വീട് ആന്റോയുടെ പേരിലാണെന്നു വ്യക്തമാണ്. റവന്യു രേഖകൾ പ്രകാരം, വീട് നിൽക്കുന്ന സ്ഥലത്തിന്റെ ഉടമയും ആന്റോ അഗസ്റ്റിനാണെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അബുൽ ഹസൻ കോടതിയെ അറിയിക്കുകയും ചെയ്തു.
2022ൽ എസ്ബിഐ ജപ്തി ചെയ്തതിനുശേഷം ആന്റോയുടെ വീട് ലില്ലിക്കുട്ടി എന്നൊരാൾ വാങ്ങിയെന്നതിന്റെ സർട്ടിഫിക്കറ്റ് മാത്രമേ പ്രതിഭാഗത്തിനു ഹാജരാക്കാനായുള്ളൂ. ഉടമസ്ഥാവകാശം റജിസ്റ്റർ ചെയ്തുനൽകിയതിന്റെ ആധാരം ഹാജരാക്കിയിട്ടില്ല.
സെയിൽ ലെറ്റർ ആധികാരികരേഖയല്ലെന്ന ശക്തമായ വാദവും പ്രോസിക്യൂഷൻ ഉയർത്തിയിട്ടുണ്ട്. വീട്ടിൽ ആന്റോയും ബന്ധുക്കളും നടത്തിയ ആഘോഷങ്ങളുടെയും വിരുന്നുസൽക്കാരത്തിന്റെയും ഡിജിറ്റൽ തെളിവുകൾ അന്വേഷണസംഘം ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

