തിയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയതിന് പിന്നാലെ, നിവിൻ പോളി – മമിത ബൈജു കൂട്ടുകെട്ടിൽ എത്തിയ സൂപ്പർഹിറ്റ് ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഒടിടി റിലീസിലും ചരിത്ര റെക്കോർഡുകൾ കുറിക്കുന്നു. ഒക്ടോബർ ആദ്യവാരത്തിൽ ജിയോ ഹോട്സ്റ്റാർ വഴി സ്ട്രീമിംഗ് ആരംഭിച്ച ചിത്രം, റിലീസിന്റെ ആദ്യ നാളുകളിൽ തന്നെ ഇന്ത്യയൊട്ടാകെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട
മലയാള ചിത്രങ്ങളുടെ മുൻനിരയിലെത്തി റെക്കോർഡ് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. സംവിധായകൻ ഗിരീഷ് എ.ഡി. ഒരുക്കിയ ഈ ഫീൽ ഗുഡ് റൊമാന്റിക് കോമഡി ചിത്രം നിലവിൽ ഹോട്സ്റ്റാർ ഇന്ത്യയുടെ ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് തുടരുന്നത്.
ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി വലിയ കുതിപ്പാണ് ചിത്രം തുടരുന്നത്. ഭാവന സ്റ്റുഡിയോസ് ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിൽ ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളി എത്തിയപ്പോൾ ആഷ്ലി എന്ന കഥാപാത്രത്തെയാണ് മമിത ബൈജു അവതരിപ്പിച്ചത്. ഇവരെക്കൂടാതെ സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, വിനയ് ഫോർട്ട്, ബിന്ദു പണിക്കർ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്ത ഈ ചിത്രം ഒടിടി റിലീസിനു ശേഷവും സമാനമായ സ്വീകാര്യതയാണ് നേടിയെടുക്കുന്നത്. ഇന്ത്യയിലുടനീളം വിവിധ ഭാഷകളിൽ സ്ട്രീമിംഗ് ലഭ്യമായതോടെ, മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലെ പ്രേക്ഷകർക്കിടയിലും ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ വലിയ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അജ്മൽ സാബു ആണ്. സംഗീതം നൽകിയിരിക്കുന്നത് വിഷ്ണു വിജയ്യും എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് ആകാശ് ജോസഫ് വർഗ്ഗീസ്മാണ്.
ചിത്രത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. സംവിധായകൻ ഗിരീഷ് എ.ഡി.യും കിരൺ ജോസിയും ചേർന്നാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

