തെലങ്കാനയിലെ നൽഗൊണ്ടയിൽ സ്കൂൾ പ്രിൻസിപ്പൽ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വഴിത്തിരിവ്.
കേസിൽ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികളെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടിയാണ് തങ്ങൾ പ്രിൻസിപ്പലിനെ കൊലപ്പെടുത്തിയതെന്ന് വിദ്യാർത്ഥികൾ മൊഴിനൽകിയതായി പൊലീസ് വ്യക്തമാക്കി.
കൊണ്ടമല്ലേപ്പള്ളിയിലെ നാഗാർജുന പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പലും ഡയറക്ടറുമായ കല്ലു രൂപ റെഡ്ഡിയെ ഓഗസ്റ്റ് 12 നാണ് വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ 27 ഇടത്താണ് കുത്തേറ്റ പാടുകളുണ്ടായിരുന്നത്.
ഹൈദരാബാദിൽനിന്നും ഭർത്താവ് ഫോൺ ചെയ്തപ്പോൾ എടുക്കാതിരുന്നതിനെ തുടർന്ന് അയൽക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അയൽക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ, വിരലടയാളങ്ങൾ, ഫോൺകോളുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. കേസുമായി ബന്ധപ്പെട്ട് 80 ലധികം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
മരിക്കുന്നതിനു മുൻപ് രൂപ റെഡ്ഡി ഭർത്താവിന്റെ മാതാവിനെ ഫോൺ ചെയ്തിരുന്നു. സംഭാഷണത്തിനിടെ ‘ബാബു’ എന്ന വാക്ക് പറഞ്ഞിരുന്നതായി പൊലീസിനു ലഭിച്ച സൂചനയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
ആരാണ് ‘ബാബു’ എന്ന അന്വേഷണം ഒടുവിൽ സ്കൂൾ വിദ്യാർത്ഥികളിലേക്ക് എത്തുകയായിരുന്നു. സംഭവദിവസം സ്കൂളിൽ ഹാജരാകാതിരുന്ന 5 വിദ്യാർത്ഥികളിലേക്ക് അന്വേഷണം ചുരുങ്ങി.
അതിൽ രണ്ട് പേർ കഴിഞ്ഞ ദിവസങ്ങളിൽ ധാരാളം പണം ധൂർത്തടിക്കുന്നതായും പൊലീസ് കണ്ടെത്തി. തുടർന്ന് ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മുൻപ് സ്കൂളിലെ ഹോസ്റ്റലിൽ മോഷണം നടത്തിയതിനു പ്രിൻസിപ്പൽ വിദ്യാർത്ഥികളെ ശകാരിച്ചിരുന്നു. ഇതിലുള്ള വിദ്വേഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.
എന്നാൽ പ്രിൻസിപ്പലിനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും മോഷണമായിരുന്നു ലക്ഷ്യമെന്നും വിദ്യാർത്ഥികൾ പൊലീസിനോട് പറഞ്ഞു. വീട്ടിൽനിന്നും 2.50 ലക്ഷം രൂപയാണ് ഇവർ കവർന്നത്.
എന്നാൽ കവർച്ചാ സംഘത്തിലെ ഒരാളെ പ്രിൻസിപ്പൽ തിരിച്ചറിഞ്ഞതോടെ പിടിക്കപ്പെടാതിരിക്കാൻ കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം മോഷ്ടിച്ച തുകയുമായി ഗോവ സന്ദർശിച്ച ഇവർ ഐഫോണും വാങ്ങി.
പ്രതികളിൽ നിന്നും 1.54 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

