ഉന്നത കരിയർ ഉപേക്ഷിച്ച് കാർഷിക മേഖലയിലേക്ക് കടന്നുവന്ന യുവാവിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. പൊഴുതന മീഞ്ചാൽ ഗ്രാമത്തിലെ കാമ്പ്രത്ത് വീട്ടിൽ ഹാഷിഖ് ആണ് ഇത്തവണത്തെ സംസ്ഥാന കാർഷിക ക്ഷേമ വകുപ്പിന്റെ യുവ കർഷകനുള്ള പുരസ്കാരത്തിന് അർഹനായത്.
കംപ്യൂട്ടർ ഹാർഡ്വെയറിൽ ഡിപ്ലോമ നേടിയിട്ടും വൈറ്റ് കോളർ ജോലി വേണ്ടെന്നു വെച്ചാണ് അദ്ദേഹം കൃഷിയെ തന്റെ ജീവിതമാർഗ്ഗമായി തെരഞ്ഞെടുത്തത്. പതിനേഴ് വർഷം മുമ്പ് കൃഷിഭൂമിയിലേക്ക് ഇറങ്ങിത്തിരിച്ച ഹാഷിഖ്, കഠിനാധ്വാനത്തിലൂടെ തന്റെ പുരയിടത്തെ പൊന്നുവിളയുന്ന ഭൂമിയാക്കി മാറ്റുകയായിരുന്നു.
വീടിനോടുചേർന്നുള്ള രണ്ട് ഏക്കർ സ്ഥലത്ത് കാപ്പി, കുരുമുളക്, തെങ്ങ്, കമുക്, ഏലം, വാഴ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, ജാതി എന്നിവയ്ക്ക് പുറമെ പശു, എരുമ, പോത്ത്, ആട്, മുയൽ, കോഴി, വാത്ത, ടർക്കി, ഗിനി പക്ഷികൾ എന്നിവയെയും മത്സ്യകൃഷിയും നടത്തിവരുന്നു. ഇതിനുപുറമേ പാട്ടത്തിനെടുത്ത മൂന്ന് ഏക്കർ സ്ഥലത്ത് തീറ്റപ്പുല്ലും പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്.
തികച്ചും ജൈവികവും പരിസ്ഥിതി സൗഹൃദവുമായ രീതികളാണ് അദ്ദേഹം പിന്തുടരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ കാർഷിക അറിവുകൾ പൊതുജനങ്ങളിലേക്ക് എത്തിക്കാനും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്.
2018ലെ പ്രളയത്തിൽ കൃഷിയിടം പൂർണമായും നശിച്ചെങ്കിലും ആത്മവിശ്വാസം കൈവിടാതെ നടത്തിയ കഠിനശ്രമത്തിലൂടെ നഷ്ടങ്ങളെല്ലാം അദ്ദേഹം തിരിച്ചുപിടിച്ചു. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശത്ത് ജൈവരീതിയിലുള്ള പ്രതിരോധങ്ങൾ തീർത്താണ് കൃഷിയെ സംരക്ഷിക്കുന്നത്.
സമ്മിശ്ര കൃഷിയുടെയും വൈവിധ്യമാർന്ന ഫാം ഉൽപ്പന്നങ്ങളുടെയും വിപണനത്തിലൂടെ മികച്ച വരുമാനമാണ് ഹാഷിഖ് നേടുന്നത്. കൃഷിയും മൃഗപരിപാലനവും പരസ്പര പൂരകമാകുന്ന രീതിയിലാണ് ഫാം പ്രവർത്തിക്കുന്നത്.
കാമ്പ്രത്ത് ഫാം എന്നു പേരിട്ടിരിക്കുന്ന ഈ കൃഷിയിടത്തിന് കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുമുണ്ട്. കാമ്പ്രത്ത് മുസ്തഫ–റുഖിയ ദമ്പതികളുടെ മകനാണ് ഹാഷിഖ്.
സമൂഹമാധ്യമങ്ങളുടെ കൈകാര്യവും ഫാം ഉൽപ്പന്നങ്ങളുടെ വിപണനവും ഭാര്യ അഷ്നയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ഫാത്തിമ ഹസ്റിൻ, ആലം ഐബക് എന്നിവരാണ് മക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

