ഉത്തർപ്രദേശിലെ ഭരണപരമായ പ്രവർത്തനങ്ങളിൽ ഉന്നത രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ഐഎഎസ് ഉദ്യോഗസ്ഥൻ രംഗത്ത്. ഒറായ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് റിങ്കു സിങ് റാഹിയാണ് അഞ്ച് പേജുള്ള കത്ത് സ്റ്റേറ്റ് അപ്പോയ്ൻമെൻ്റ് ആൻ്റ് പേഴ്സണൽ ഡിപ്പാർട്ട്മെൻ്റിന് സമർപ്പിച്ചത്.
നിലവിൽ തനിക്ക് ലഭിക്കുന്ന ജോലിസമയം ദിവസവും നാല് മണിക്കൂർ മാത്രമാണെന്നും, ഈ സാഹചര്യത്തിൽ തൽസ്ഥാനത്ത് തുടരുകയാണെങ്കിൽ തൻ്റെ ശമ്പളം പകുതിയായി കുറയ്ക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. 2023 ബാച്ച് ഉത്തർപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
തന്റെ ഭരണപരമായ ചുമതലകളിൽ മന്ത്രി സ്വതന്ത്ര ദേവ് സിങ്, ബിജെപി എംഎൽഎ ഗൗരി ശങ്കർ വർമ്മ എന്നിവർ ഇടപെടുന്നുണ്ടെന്ന് കത്തിൽ വ്യക്തമാക്കുന്നു. ജലൗൺ സബ് ഡിവിഷണൽ മജിസ്ട്രേറ്റായി സേവനമനുഷ്ഠിക്കുമ്പോൾ, അനധികൃത കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുക്കരുതെന്ന് ഗൗരി ശങ്കർ വർമ്മയുടെ സാന്നിധ്യത്തിൽ ജില്ലാ മജിസ്ട്രേറ്റ് നിർദേശിച്ചതായും റിങ്കു സിങ് റാഹി ആരോപിക്കുന്നു.
മന്ത്രി സ്വതന്ത്ര ദേവ് സിങ്ങിന്റെ പേര് ഉൾപ്പെട്ട അനധികൃത കൈയേറ്റ കേസുകളിലെ അന്വേഷണം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നതായും അദ്ദേഹം ആരോപിക്കുന്നു.
ജലൗണിലെ മറ്റൊരു തഹസിലിലേക്കോ അല്ലെങ്കിൽ മറ്റൊരു ജില്ലയിലേക്കോ സ്ഥലം മാറ്റം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. യുപിയിൽ ഇതിന് സാധ്യമല്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഡെപ്യൂട്ടേഷനിൽ പോകാൻ താൻ തയ്യാറാണെന്നും അദ്ദേഹം കത്തിൽ സൂചിപ്പിക്കുന്നു.
കഴിഞ്ഞ മാസം 23ന് ജലൗണിൽ മജിസ്ട്രേറ്റായിരിക്കെ ബിജെപി നേതാവും ബ്ലോക്ക് പ്രമുഖുമായ രാംരാജ നിരജ്ഞനുമായി ഉണ്ടായ തർക്കമാണ് സ്ഥലം മാറ്റത്തിന് വഴിവെച്ചത്. ലഖ്നൗവിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ രാംരാജ നിരജ്ഞന്റെ ഉടമസ്ഥതയിലുള്ള കോൾഡ് സ്റ്റോറേജിൽ പരിശോധന നടത്താൻ എത്തിയപ്പോഴായിരുന്നു സംഭവം.
പരിശോധനയ്ക്കിടെ വീഡിയോ പകർത്താൻ ശ്രമിച്ച രാംരാജയുടെ മൊബൈൽ തട്ടിമാറ്റുകയും അദ്ദേഹത്തെ തള്ളിമാറ്റുകയും ചെയ്തെന്ന പരാതിയെത്തുടർന്നാണ് റിങ്കു സിങ് റാഹിയെ ജലൗണിൽ നിന്ന് ഒറായിലേക്ക് മാറ്റിയത്. മന്ത്രി സ്വതന്ത്ര ദേവ് സിങ്ങിന്റെ അടുത്ത ബന്ധുവായ രാംരാജ നിരജ്ഞന്റെ കോൾഡ് സ്റ്റോറേജിൽ നടത്തിയ പരിശോധനയിൽ അഗ്നിശമന സംവിധാനങ്ങളോ ആവശ്യമായ രേഖകളോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

