തിരുവനന്തപുരം ജില്ലയിലെ വെമ്പായം ശ്രീവത്സവം ബാറിലുണ്ടായ തർക്കത്തെ തുടർന്ന് നടന്ന സംഘർഷത്തിൽ നാല് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ബാറിലെ എസി മുറിയിൽ മദ്യപിച്ചുകൊണ്ടിരുന്ന സംഘങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇങ്ങനെ: സംഘത്തിലുണ്ടായിരുന്ന നന്നാട്ടുകാവ് സ്വദേശി അനീഷ് (32) ബാറിന് പുറത്തുപോയി പെട്രോൾ വാങ്ങി തിരികെ എത്തുകയായിരുന്നു.
തുടർന്ന് ഇയാൾ മറ്റ് രണ്ടുപേരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഇതിനിടെ തീ അനീഷിന്റെ ശരീരത്തിലേക്കും പടർന്നുപിടിക്കുകയായിരുന്നു.
ശരീരത്തിൽ തീ പിടിച്ചതോടെ സംഘത്തിലുണ്ടായിരുന്നവർ പരിഭ്രാന്തരായി ഓടി. ബാറിലെ മുറിയിലുണ്ടായിരുന്ന സോഫയിലേക്കും മറ്റും തീ പടർന്നതോടെ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
സംഭവത്തിൽ പരിക്കേറ്റ നന്നാട്ടുകാവ് സ്വദേശി അനീഷ് (32), ഇരിഞ്ചയം സ്വദേശി അരുൺ (36), വെമ്പായം സ്വദേശികളായ നൗഫൽ (30), റിയാസ് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിലൊരാളുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. അക്രമത്തിൽ പങ്കാളികളായവർക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

