ഫ്രാൻസിൽ നടന്ന ജി-7 ഉച്ചകോടിക്കിടെ തനിക്കൊപ്പം ചിത്രം പകർത്താൻ ജോർജിയ മെലോനി നിരന്തരം ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് ഇറ്റാലിയൻ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.
ഇറ്റലിയിൽ മെലോനിയുടെ ജനപ്രീതിയിൽ വൻ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നും, ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയുന്ന വിഷയത്തിൽ അമേരിക്കയ്ക്ക് പിന്തുണ നൽകുന്നതിൽ അവർ പരാജയപ്പെട്ടതാണ് ഇതിന് കാരണമെന്നും ട്രംപ് ആരോപിച്ചു. ഇറാനെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിച്ചതിന് ശേഷം സ്വന്തം പ്രതിച്ഛായ വർധിപ്പിക്കുന്നതിനായി മെലോനി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
നേരത്തെ ലാ7 ടിവിക്ക് നൽകിയ അഭിമുഖത്തിലും സമാനമായ പരാമർശങ്ങൾ ട്രംപ് നടത്തിയിരുന്നു. മെലോനി ഫോട്ടോയ്ക്കായി യാചിച്ചുവെന്നും, പാവം തോന്നിയതിനാലാണ് താൻ അതിന് വഴങ്ങിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
എന്നാൽ ഈ ആരോപണങ്ങൾ പൂർണ്ണമായും അസത്യവും കെട്ടിച്ചമച്ചതുമാണെന്ന് ജോർജിയ മെലോനി എക്സ് പ്ലാറ്റ്ഫോമിലൂടെ മറുപടി നൽകി. “സ്വന്തം സഖ്യകക്ഷികളോട് യു.എസ് പ്രസിഡന്റ് എന്തിനാണ് ഇങ്ങനെ പെരുമാറുന്നത് എന്ന് മനസ്സിലാകുന്നില്ല.
ശത്രുക്കളോട് കാണിക്കാത്ത കടുപ്പം സ്വന്തം സഖ്യകക്ഷികളോട് കാണിക്കുന്നത് കഷ്ടമാണ്. ഇറ്റലിയും ഞാനും ആരുടെയും മുന്നിൽ യാചിക്കാറില്ല,” എന്ന് അവർ വ്യക്തമാക്കി.
ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ ഇറ്റലി തങ്ങളുടെ റൺവേകളും ലാൻഡിംഗ് സൗകര്യങ്ങളും വിട്ടുനൽകാൻ വിസമ്മതിച്ചത് വലിയ ലോജിസ്റ്റിക്കൽ പ്രതിസന്ധിയുണ്ടാക്കിയെന്ന് ട്രംപ് എൻബിസി ന്യൂസിനോടും വ്യക്തമാക്കിയിരുന്നു. ഇതിനുപുറമെ, ലിയോ പതിനാലാമൻ മാർപ്പാപ്പയെ ട്രംപ് വിമർശിച്ചതിനെ മെലോനി എതിർത്തതും ഇരുനേതാക്കളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തി.
ട്രംപിന്റെ പ്രസ്താവനകളിൽ പ്രതിഷേധിച്ചുകൊണ്ട് ഇറ്റാലിയൻ വിദേശകാര്യമന്ത്രി ആന്റോണിയോ തയാനി തന്റെ അമേരിക്കൻ സന്ദർശനം റദ്ദാക്കി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയും, തുടർന്ന് മിയാമിയിൽ നടക്കാനിരുന്ന ഇറ്റലി-യുഎസ് ബിസിനസ് ഫോറവുമാണ് ഇതിനാൽ ഉപേക്ഷിക്കപ്പെട്ടത്.
വിഷയത്തിൽ വൈറ്റ് ഹൗസോ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

