ഇറ്റലിയുടെ തലസ്ഥാനമായ റോമിന് സമീപം നിധി വേട്ടക്കാര്‍ നടത്തിയ അനധികൃത ഖനനത്തിലൂടെ റോമന്‍ സാമ്രാജ്യകാലത്തെ അതിപുരാതനമായ കൊട്ടാര സമാനമായ വില്ല കണ്ടെത്തി. റോമില്‍ നിന്നും 12 മൈല്‍ അകലെയുള്ള കാസ്റ്റല്‍ ഡി ഗൈഡോ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്.
പ്രദേശത്ത് രാത്രികാലങ്ങളില്‍ മണ്ണുമാന്തി യന്ത്രങ്ങളും ഡ്രില്ലിംഗ് മെഷീനുകളും ഉപയോഗിച്ച് സംശയാസ്പദമായ രീതിയില്‍ ഖനനം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും നിധി വേട്ടക്കാര്‍ രക്ഷപ്പെട്ടിരുന്നു. ക്രിസ്തുവിന് മുന്‍പ് 27 മുതല്‍ എഡി അഞ്ചാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തില്‍ ലോറിയം എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം റോമന്‍ ചക്രവര്‍ത്തിമാരായ ഹാഡ്രിയന്‍, അന്റോണിനസ് പയസ്, മാര്‍ക്കസ് ഔറേലിയസ് എന്നിവര്‍ പതിവായി സന്ദര്‍ശിച്ചിരുന്ന രാജകീയ കേന്ദ്രമായിരുന്നു.
ഇവിടെ നടത്തിയ പരിശോധനയില്‍ പുരാവസ്തു ഗവേഷകരെപ്പോലും അമ്പരപ്പിക്കുന്ന രീതിയിലുള്ള നിര്‍മ്മിതികളാണ് പുറത്തുവന്നത്. കറുപ്പും വെളുപ്പും നിറങ്ങളിലുള്ള ജ്യാമിതീയ രൂപങ്ങള്‍ പതിപ്പിച്ച മനോഹരമായ മൊസൈക് തറയോടു കൂടിയ വലിയ ഹാള്‍, നടുമുറ്റം, മഴവെള്ളം ശേഖരിക്കാനുള്ള സംവിധാനം എന്നിവ ഇവിടെ നിന്നും കണ്ടെത്തി.
കൂടാതെ, ഒരു കയ്യില്‍ മൃഗത്തെയും മറുകയ്യില്‍ പക്ഷികളെയും പിടിച്ചിരിക്കുന്ന രീതിയിലുള്ള റോമന്‍ കാര്‍ഷിക ദൈവമായ സില്വാനസിന്റേത് എന്ന് കരുതുന്ന ശില്പത്തിന്റെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. ഈ വില്ല വെറുമൊരു സാധാരണ വീടല്ലെന്നും, റോമന്‍ രാജകൊട്ടാരവുമായി അടുത്ത ബന്ധമുള്ള പ്രമുഖ പ്രഭുക്കന്മാരുടേതായിരുന്നു ഇതെന്നും പുരാവസ്തു ഗവേഷകയായ അലസ്സിയ കോണ്ടിനോ വ്യക്തമാക്കി.
നിയമവിരുദ്ധ ഖനനം തടയാന്‍ സാധിച്ചതിലൂടെ അന്റോണിന് രാജവംശത്തിന്റെ കാലത്തുള്ള അപൂര്‍വ്വ വില്ലയുടെ അവശിഷ്ടങ്ങള്‍ ലോകത്തിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞതായി ഇറ്റാലിയന്‍ സാംസ്കാരിക മന്ത്രി അലസാന്‍ഡ്രോ ഗിയുലി അഭിപ്രായപ്പെട്ടു. അനധികൃത ഖനനം കാരണം നിര്‍മ്മിതിക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
നിലവില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ തുടരുന്ന ഈ കേന്ദ്രം ഭാവിയില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ഇറ്റാലിയന്‍ സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

