ലണ്ടന് വടക്ക് ഭാഗത്തുള്ള ബെഡ്ഫോർഡിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സംഭവത്തിൽ 89 പേർക്ക് പരിക്കേറ്റതായും, ഇവരില് 11 പേരുടെ നില ഗുരുതരമാണെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.
ഈസ്റ്റ് മിഡ്ലാൻഡ്സ് റെയിൽവേയുടെ (EMR) രണ്ട് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഒരു ട്രെയിൻ മറ്റൊരു ട്രെയിനിന്റെ പിൻഭാഗത്തേക്ക് ഇടിച്ചുകയറിയ നിലയിലാണ് കണ്ടെത്തിയത്.
ലണ്ടൻ സെന്റ് പാൻക്രാസിനും ലെസ്റ്ററിനും ഇടയിലുള്ള പാതയിലാണ് അപകടം സംഭവിച്ചതെന്ന് ഈസ്റ്റ് മിഡ്ലാൻഡ്സ് റെയിൽവേ സ്ഥിരീകരിച്ചു. അപകടത്തെ തുടർന്ന് തകർന്ന കോച്ചുകൾക്ക് സമീപം യാത്രക്കാർ ട്രാക്കിൽ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനായി എയർ ആംബുലൻസും ഹസാർഡസ് ഏരിയ റെസ്പോൺസ് ടീമും ഉൾപ്പെടെയുള്ള വിപുലമായ സംഘത്തെ സ്ഥലത്തേക്ക് നിയോഗിച്ചതായി ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസ് അറിയിച്ചു.
ബെഡ്ഫോർഡ്ഷയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്. അപകടത്തെ തുടർന്ന് ലൂട്ടണും ബെഡ്ഫോർഡിനും ഇടയിലുള്ള ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.
ബ്രിട്ടനിൽ ട്രെയിൻ അപകടങ്ങൾ വളരെ അപൂർവമായാണ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. മുൻപ് 2023 സെപ്റ്റംബറിൽ സ്കോട്ട്ലൻഡിലെ ഏവിയാമോർ സ്റ്റേഷനിൽ വെച്ച് രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് ചിലർക്ക് പരിക്കേറ്റിരുന്നു.
കൂടാതെ, 2020 ഓഗസ്റ്റിൽ സ്കോട്ട്ലൻഡിലെ സ്റ്റോൺഹാവന് സമീപം കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ട്രെയിൻ പാളം തെറ്റി മൂന്ന് പേർ മരിച്ചിരുന്നു. ഈ സംഭവത്തിൽ സുരക്ഷാ വീഴ്ച വരുത്തിയതിന് യുകെ ഗതാഗത വകുപ്പിന് കീഴിലുള്ള നെറ്റ്വർക്ക് റെയിലിന് കോടതി 6.7 മില്യൺ പൗണ്ട് പിഴ ചുമത്തുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

