മഴയും തീയും കുറഞ്ഞു: വാൻ ഹയിൽ പ്രവേശിക്കാൻ ദൗത്യ സംഘം; കപ്പൽ അടുപ്പിക്കാൻ ഹമ്പൻടോട്ട തുറമുഖവും പരിഗണനയിൽ
കൊച്ചി ∙ കടൽക്ഷോഭവും മഴയും തീയും കുറഞ്ഞതോടെ ‘തീക്കപ്പൽ’ വാൻ ഹയി 503ൽ പ്രവേശിച്ച് സ്ഥിതിഗതികൾ വിലയിരുത്താനുള്ള ഒരുക്കങ്ങൾ സജ്ജം.
ഇതിനായി 13 അംഗ സംഘത്തെയാണ് കപ്പലിന് അരികിൽ എത്തിക്കുന്നത്. ഹെലികോപ്റ്ററിനു പകരം ടഗ് ബോട്ടുകളിൽനിന്ന് കപ്പലിലേക്ക് പ്രവശിക്കാനാണ് ശ്രമം.
അതിനിടെ, കപ്പൽ അടുപ്പിക്കാൻ ദുബായിലെ ജെബേൽ അലി തുറമുഖത്തിനു പകരം ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖവും അധികൃതരുടെ സജീവ പരിഗണനയിലുണ്ട്.
ജൂൺ ഒമ്പതിന് തീ പിടിച്ച കപ്പൽ ഇപ്പോൾ കൊച്ചിക്കും ചേർത്തലയ്ക്കും ഇടയിൽ 72 നോട്ടിക്കൽ മൈൽ (132 കി.മീ) ദൂരത്താണുള്ളത്.
Also Read
കപ്പലിലെ തീ ഏറെക്കുറെ അണഞ്ഞതായാണ് വിലയിരുത്തൽ.
ചില ഭാഗങ്ങളിൽനിന്നു വെളുത്ത പുകയും ചിലയിടത്തുനിന്നു ചാരനിറത്തിലുള്ള പുകയും ഇപ്പോഴും ഉയരുന്നുണ്ട്. ജ്വലനം നടക്കുന്ന ചില ഭാഗങ്ങളിൽ തീ ആളിപ്പിടിക്കാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
തുടക്കം മുതൽ തീ ആളിപ്പിടിച്ച ഭാഗത്തെ കപ്പലിന്റെ ഉറപ്പു സംബന്ധിച്ചു മാത്രമേ ഇപ്പോൾ ആശങ്കയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. കപ്പലിലെ തീ അണയ്ക്കുകയും മറ്റു നടപടി ക്രമങ്ങൾ പൂർത്തിയാവുകയും ചെയ്താൽ ഹമ്പൻടോട്ട
തുറമുഖത്തേക്ക് കപ്പൽ അടുപ്പിക്കാനുള്ള ആലോചനകൾ സജീവമാണ്. നിലവിൽ കപ്പലുള്ള സ്ഥലത്തു നിന്ന് 480 നോട്ടിക്കൽ മൈൽ അകലെയാണ് ഈ തുറമുഖം.
വാൻ ഹയി കമ്പനിക്ക് ഹമ്പൻടോട്ട തുറമുഖവുമായി നേരത്തെ മുതലുള്ള വാണിജ്യബന്ധവും താരതമ്യേന കുറഞ്ഞ ദൂരവുമാണ് ഇവിടം പരിഗണിക്കാൻ കാരണം.
മാത്രമല്ല, കപ്പൽ അടുപ്പിക്കുന്നതിനോടു തുടക്കത്തിൽ തുറമുഖം അധികൃതർ വിമുഖത പ്രകടിപ്പിച്ചിട്ടുമില്ല. എന്നാൽ ശ്രീലങ്കൻ അധികൃതരിൽനിന്ന് അന്തിമ അനുമതി ലഭിക്കേണ്ടതുണ്ട്.
ജെബേല്‍ അലി, ബഹ്റൈന്‍ തുറമുഖങ്ങളും പരിഗണനയിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Also Read
ഇന്ധനവും ഭക്ഷണസാമഗ്രികളും കയറ്റാനായി കരയിലേക്ക് പോയ ഓഫ്ഷോർ വാരിയർ ടഗ്ഗിനു പകരം കൂടുതൽ കരുത്തുള്ള ബൊക്ക വിങ്ങറായിരുന്നു കപ്പലിനെ കെട്ടിവലിച്ചിരുന്നത്.
കരയിൽനിന്ന് ഇന്നു മടങ്ങിയെത്തിയ ഓഫ്ഷോർ വാരിയറുമായി കപ്പലിനെ വൈകീട്ട് 6 മണിയോടെ വീണ്ടും ബന്ധിപ്പിച്ചു. കരയിലേക്ക് പോയി മടങ്ങിവന്ന സരോജ ബ്ലെസിങ്ങിനെ കൂടി കപ്പലുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
കപ്പലിൽ കയറിയുള്ള രക്ഷാദൗത്യം അടക്കമുള്ള കാര്യങ്ങൾക്ക് 13 അംഗ സംഘത്തെയാണ് ഓഫ്ഷോർ വാരിയറിൽ എത്തിച്ചിരിക്കുന്നത്. കാലാവസ്ഥയുടെ കൂടി അടിസ്ഥാനത്തിലാവും അടുത്ത നടപടികളെന്ന് അധികൃതർ വ്യക്തമാക്കി.
Also Read
അതിനിടെ, അപകടത്തിനിടെ കാണാതായ 4 പേരുടെ തിരച്ചിൽ, പ്രോട്ടോക്കോൾ പ്രകാരം അവസാനിപ്പിച്ചു. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കൊച്ചി പൊലീസ് കപ്പൽ കമ്പനിയിൽനിന്ന് തേടിയിട്ടുണ്ട്.
കുറച്ചു ദിവസം മുൻപ് അർത്തുങ്കൽ തീരത്ത് അടിഞ്ഞ ഒരു മൃതശരീരം കപ്പല്‍ അപകടത്തിൽ കാണാതായ ഇന്തോനേഷ്യൻ ജീവനക്കാരന്റേതാണെന്ന സാധ്യതയാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇത് ഉറപ്പിക്കുന്നതിനായി കപ്പൽ കമ്പനിയുടെ സഹായത്തോടെ വീട്ടുകാരെ ബന്ധപ്പെടുന്ന നടപടികളും പുരോഗമിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

