ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള സൗഹൃദം അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുനേതാക്കളുടെയും പേരുകൾ ചേർത്ത് ‘മെലഡി’ എന്ന ഓമനപ്പേരിൽ സമൂഹമാധ്യമങ്ങളിൽ വിശേഷണങ്ങൾ ഉയരാറുമുണ്ട്.
ഈ സൗഹൃദത്തിന്റെ ഭാഗമായി ഇറ്റലി സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി മെലോനിക്ക് നൽകിയ സമ്മാനം ഇപ്പോൾ വിപണിയിൽ ചർച്ചയായിരിക്കുകയാണ്. പാർലെ ‘മെലഡി’ ചോക്ലേറ്റുകളാണ് മോദി സമ്മാനമായി നൽകിയത്.
സമ്മാനം കൈമാറുന്ന ദൃശ്യങ്ങൾ മെലോനി എക്സിൽ പങ്കുവെച്ചതോടെ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. “Thank you for the gift” എന്ന കുറിപ്പോടെയായിരുന്നു വിഡിയോ പങ്കുവെച്ചത്.
ഈ സംഭവത്തിന് പിന്നാലെ ഓഹരി വിപണിയിൽ കൗതുകകരമായ ഒരു മാറ്റം ദൃശ്യമായി. പാർലെ ഇൻഡസ്ട്രീസ് എന്ന കമ്പനിയുടെ ഓഹരി വിലയിലാണ് പെട്ടെന്നുള്ള വർധനവുണ്ടായത്.
അന്നേദിവസം ഉച്ചയ്ക്ക് 12.20 വരെ നഷ്ടത്തിലായിരുന്ന ഓഹരി, 5 രൂപയിൽ നിന്ന് 4.84 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ, വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഓഹരി വില 5.25 രൂപയിലേക്ക് ഉയർന്നു.
അഞ്ച് ശതമാനത്തിന്റെ വർധനവോടെ ഓഹരി അപ്പർ-സർക്യൂട്ടിലെത്തി. എങ്കിലും, ഇതിൽ ഒരു വസ്തുതാപരമായ പിശക് വിപണിയിൽ പ്രതിഫലിക്കുകയുണ്ടായി.
മോദി സമ്മാനമായി നൽകിയ ‘പാർലെ മെലഡി’ ചോക്ലേറ്റുകൾ നിർമിക്കുന്നത് ‘പാർലെ പ്രോഡക്ട്സ്’ എന്ന കമ്പനിയാണ്. പ്രശസ്തമായ പാർലെ-ജി, മൊണാക്കോ, ഹൈഡ് ആൻഡ് സീക്ക് ബിസ്കറ്റുകൾ നിർമിക്കുന്നതും ഇതേ കമ്പനിയാണ്.
എന്നാൽ, ഓഹരി വിപണിയിൽ കുതിച്ചുചാട്ടം നടത്തിയ ‘പാർലെ ഇൻഡസ്ട്രീസ്’ എന്ന കമ്പനി റിയൽ എസ്റ്റേറ്റ്, അടിസ്ഥാനസൗകര്യ വികസനം, പേപ്പർ വേസ്റ്റ് റീസൈക്ലിങ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. പേരിലുള്ള സാമ്യം മാത്രമാണ് ഈ കമ്പനിയുടെ ഓഹരികൾക്ക് ഗുണകരമായത്.
പാർലെ പ്രോഡക്ട്സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ല. ഐപിഒയുമായി ബന്ധപ്പെട്ട് മുൻപ് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും, നിലവിൽ അത്തരം പദ്ധതികളില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, തങ്ങളുടെ ഉൽപ്പന്നം ആഗോള ശ്രദ്ധ നേടിയതിൽ സന്തോഷമുണ്ടെന്ന് പാർലെ പ്രോഡക്ട്സ് അധികൃതർ പ്രതികരിച്ചു. റോമിലെത്തിയ പ്രധാനമന്ത്രി മോദി, മെലോനിക്കൊപ്പം അത്താഴ വിരുന്നിൽ പങ്കെടുക്കുകയും കൊളോസിയം സന്ദർശിക്കുകയും ചെയ്തിരുന്നു.
(നിരാകരണം: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപത്തിന് മുമ്പ് വിദഗ്ധോപദേശം തേടുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

