
തിരുവനന്തപുരം: മന്ത്രി അപ്പൂപ്പനെ കാണാൻ വയനാട് ട്രൈബൽ മേഖലയിലെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾ സെക്രട്ടറിയേറ്റിലെത്തി. വയനാട് തൃശ്ശിലേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് കുട്ടികളാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലെത്തി വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ കണ്ടത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായാണ് 27 പെൺകുട്ടികളും 13 ആൺകുട്ടികളും തലസ്ഥാനത്തെത്തിയത്.
സൗജന്യ പഠനയാത്രയാണ് ഇത്. അഞ്ച് അധ്യാപകരും കൂടെയുണ്ടായിരുന്നു. ആദ്യമായാണ് കുട്ടികൾ ട്രെയിനിൽ സഞ്ചരിക്കുന്നത്. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, നിയമസഭ, സെക്രട്ടറിയേറ്റ്, ശംഖുമുഖം ബീച്ച് എന്നിവിടങ്ങളിലെ സന്ദർശനത്തിനുശേഷം കുട്ടികൾ മന്ത്രി അപ്പൂപ്പനെ കാണാൻ സെക്രട്ടറിയേറ്റ് അനക്സിലെ ഓഫീസിൽ എത്തുകയായിരുന്നു. കുട്ടികളോട് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
പഠനയാത്ര അനുഭവങ്ങൾ കുട്ടികൾ പങ്കുവെച്ചു. എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പാക്കുകയാണെന്ന കാര്യം മന്ത്രി കുട്ടികളെ ഓർമിപ്പിച്ചു. സബ്ജക്ട് മിനിമം നടപ്പാക്കുന്നതിനാൽ കൂടുതൽ സമയം പഠനത്തിന് ചെലവഴിക്കണമെന്നും നന്നായി പഠിക്കണമെന്നും മന്ത്രി കുട്ടികളോട് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുമായി ഗ്രൂപ്പ് ഫോട്ടോ എടുത്താണ് അധ്യാപകരും കുട്ടികൾ മടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]