സംസ്ഥാന അതിർത്തിയോട് ചേർന്നുനിൽക്കുന്ന കാരോട് – കഴക്കൂട്ടം ബൈപ്പാസിൽ ക്രിമിനൽ സംഘങ്ങളുടെ അഴിഞ്ഞാട്ടം വർദ്ധിക്കുന്നതായി പരാതി. ചെങ്കവിള– പൂഴിക്കുന്ന് മേഖലകളിലാണ് സാമൂഹികവിരുദ്ധരുടെ ശല്യം ഏറ്റവും രൂക്ഷമായിരിക്കുന്നത്.
സദാചാര പോലീസിങ് ചമഞ്ഞുളള കയ്യേറ്റങ്ങൾ മുതൽ പിടിച്ചുപറി, അതിക്രമങ്ങൾ, മയക്കുമരുന്നു വ്യാപാരം എന്നിവയെല്ലാം ഈ പാതയിൽ പതിവായിരിക്കുകയാണ്. ഇത് യാത്രികരിലും പ്രദേശവാസികളിലും കടുത്ത അരക്ഷിതാവസ്ഥയും ഭീതിയുമാണ് സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി ബൈപ്പാസിൽ അയിര ഭാഗത്ത് വെച്ചുണ്ടായ ആക്രമണമാണ് ഒടുവിലത്തെ സംഭവം. പാറശാലയ്ക്കടുത്ത് ഇഞ്ചിവിളയിലെ കുടുംബ വീട്ടിൽ നിന്ന് യുവതി താൻ താമസിക്കുന്ന കാരോട് വെൺകുളത്തുളള വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്നു.
രാത്രിയായതിനാൽ സുരക്ഷയ്ക്കായി സ്ഥലവാസിയായ യുവാവ് മറ്റൊരു ബൈക്കിൽ ഒപ്പമുണ്ടായിരുന്നു. കാരോട് ബൈപ്പാസിൽ അയിര ഭാഗത്ത് വെച്ച് രണ്ട് ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘം ഇരുവരെയും തടഞ്ഞുനിർത്തുകയും സദാചാര ലംഘനം ആരോപിച്ച് അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
തലയ്ക്കും നെഞ്ചിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. യുവതിയെ ആക്രമിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾക്കും കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ പ്രതികളെ പൊഴിയൂർ പൊലീസ് തിരിച്ചറിഞ്ഞെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും ആരെയും പിടുകൂടാനായിട്ടില്ല. ഏതാനും മാസം മുൻപ് പൂഴിക്കുന്നിലും സദാചാര അതിക്രമം അരങ്ങേറിയിരുന്നു.
തിരുവനന്തപുരത്തുനിന്ന് ബൈക്കിൽ വരികയായിരുന്ന സഹോദരിയും സഹോദരനും രാത്രി തട്ടുകടയിൽ കയറിയപ്പോൾ പിന്നാലെ എത്തിയ രണ്ടു യുവാക്കൾ ഇവരെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മറ്റു യാത്രക്കാർ സ്ഥലത്തെത്തിയതിനെ തുടർന്നാണ് കൂടുതൽ അപകടങ്ങൾ ഒഴിവായത്.
ടെക്നോപാർക്ക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലികഴിഞ്ഞു രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന യുവതികളും സദാചാര ആക്രമണങ്ങൾക്ക് ഇരയാകുന്നുണ്ട്. കവർച്ചാ പരമ്പരകളും ഈ മേഖലയിൽ സജീവമാണ്.
രണ്ടു മാസം മുൻപ് ഭർത്താവിനും മകൾക്കുമൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ ഏഴു പവന്റെ താലിമാല ബൈക്കിലെത്തിയ മോഷ്ടാവ് പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടിരുന്നു. തമിഴ്നാട് കരുങ്കൽ സ്വദേശികളായ ദമ്പതികൾ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള മകളെ കാണാൻ പോകുമ്പോഴായിരുന്നു സംഭവം.
ചെങ്കവിളയിൽ നിന്നും ബൈപ്പാസിലേക്ക് പ്രവേശിച്ച് അൽപദൂരം പിന്നിട്ടപ്പോഴാണ് പിന്നിലെത്തിയ വാഹനം തടയാതെ തന്നെ മാല പൊട്ടിച്ചത്. ഭർത്താവ് പിന്തുടർന്നെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു.
പാറശാല പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത്തരം നിരവധി സംഭവങ്ങളാണ് ബൈപ്പാസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇതിനുപുറമെ ലഹരിസംഘങ്ങളുടെ വിഹാരകേന്ദ്രമായി ബൈപ്പാസ് മാറിക്കഴിഞ്ഞു. നഗരത്തിലേക്ക് അടക്കം എത്തുന്ന രാസലഹരിയുടെ കൈമാറ്റവും വിൽപ്പനയും ഇവിടെയാണ് സജീവമായി നടക്കുന്നത്.
ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ അടുത്തിടെ നടന്ന ലഹരി വേട്ടകളിൽ പലതും ഈ പാതയിലായിരുന്നു. കോവളം മുതൽ ചെങ്കവിള വരെയുള്ള 20 കിലോമീറ്റർ ദൂരം ഏഴ് പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് ഉൾപ്പെടുന്നത്.
ബൈപ്പാസിൽ എന്തെങ്കിലും അത്യാഹിതം ഉണ്ടായാൽ ഏത് സ്റ്റേഷനെ ബന്ധപ്പെടണം എന്ന കാര്യത്തിൽ ഇന്നും വ്യക്തതയില്ല. പരാതിയുമായി വിളിച്ചാൽ തന്നെ അതത് സ്റ്റേഷനുകൾ പരിധിയിൽ പെടില്ലെന്ന് പറഞ്ഞ് ഒഴിയുന്ന സ്ഥിതിയാണുള്ളതെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
ഈ വിഷയത്തിൽ അടിയന്തരമായി കർശനമായ മാർഗനിർദേശങ്ങൾ ഉണ്ടാകണമെന്നാണ് യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

