വ്യോമയാന ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് തായ്ലൻഡ് രാജ്ഞി സുതിദ, സ്വീഡിഷ് നിർമ്മിത ഗ്രിപെൻ യുദ്ധവിമാനത്തിൽ തന്റെ ആദ്യ സോളോ യാത്ര വിജയകരമായി പൂർത്തിയാക്കി. തെക്കൻ തായ്ലൻഡിലെ സൂരത് താനി പ്രവിശ്യയിലുള്ള വിംഗ് 7 എയർബേസിലാണ് ചരിത്രപ്രധാനമായ ഈ പറക്കൽ നടന്നത്.
സിംഗിൾ സീറ്റ് ജാസ് 39 സി (JAS 39 C) ഗ്രിപെൻ യുദ്ധവിമാനത്തിലാണ് രാജ്ഞി ആകാശത്തേക്ക് ഉയർന്നത്. ചടങ്ങിൽ തായ്ലൻഡ് രാജാവ് മഹാ വജ്രാലങ്കോൺ സന്നിഹിതനായിരുന്നു.
വിജയകരമായ പറക്കലിനു ശേഷം രാജ്ഞിയെ ആദരിച്ചുകൊണ്ട് രാജാവ് പുഷ്പഗുച്ഛവും ‘ഗ്രിപെൻ ഓർഡർ ഗോൾഡൻ പാച്ച്’ എന്ന പ്രത്യേക പതക്കവും സമ്മാനമായി നൽകി. നേരത്തെ ടൂ-സീറ്റ് ഗ്രിപെൻ ജാസ് 39ഡി വിമാനത്തിൽ രാജ്ഞി പറന്നിട്ടുള്ള പരിചയമുണ്ട്.
ഇതുകൂടാതെ സെസ്ന, പിലറ്റസ്, പൈപ്പർ തുടങ്ങിയ ചെറുവിമാനങ്ങളും ബോയിങ് 737 പാസഞ്ചർ ജെറ്റുകളും ഉൾപ്പെടെ ആകെ 1,188.48 മണിക്കൂർ വ്യോമയാന യാത്രകൾ ഇവർ നടത്തിയിട്ടുണ്ട്. രാജാവിനൊപ്പം ഔദ്യോഗിക സന്ദർശനങ്ങളുടെ ഭാഗമായി പലതവണ രാജകീയ വിമാനങ്ങളുടെ കോ-പൈലറ്റായി രാജ്ഞി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഏപ്രിലിൽ നടത്തിയ ഭൂട്ടാൻ സന്ദർശന വേളയിൽ, ലോകത്തിലെ ഏറ്റവും ദുഷ്കരമായ ലാൻഡിങ് അനുഭവങ്ങളിലൊന്നായ പാരോ വിമാനത്താവളത്തിൽ വിമാനം വിജയകരമായി ഇറക്കിയത് രാജ്ഞിയുടെ നേതൃത്വത്തിലായിരുന്നു. സൈനിക-വ്യോമയാന രംഗത്തെ രാജ്ഞിയുടെ കഴിവും അനുഭവസമ്പത്തും വിളിച്ചോതുന്നതാണ് ഈ പുതിയ നേട്ടം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

