കോട്ടയം ജില്ലയിലെ എരുമേലി എസ്റ്റേറ്റ് സ്വദേശിയായ വൈക്കുന്നേൽ വീട്ടിൽ ഷിബുഖാൻ (48) കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎം പഞ്ചായത്ത് അംഗം ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മണിമല അഞ്ചാം വാർഡ് പഞ്ചായത്തംഗം ജോജി ജോൺ (ജോപ്പൻ -43), നിഖിൽ അയ്യപ്പൻ (25), ഷൈബിൻ സാം (26), അമൽ രാജ് (19), ജോബിൻ രാജൻ (28), കിരൺ (21) എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ 16ന് രാവിലെ 11 മണിയോടെ കറിക്കാട്ടൂർ അമ്പാട്ടുനഗറിനു സമീപമുള്ള റബർത്തോട്ടത്തിലാണ് ഷിബുഖാനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: സെപ്റ്റംബർ 15ന് വൈകീട്ട് ജോജി ജോണിന്റെ പിതാവും ഷിബുഖാനും സുഹൃത്ത് കുഞ്ഞുമോനും ചേർന്ന് ജോജിയുടെ വീടിനു സമീപമുള്ള വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടയിൽ വീട്ടിലെത്തിയ ജോജിയോട്, ഷിബുഖാനും കുഞ്ഞുമോനും തന്നെ ആക്രമിച്ചതായി അദ്ദേഹത്തിന്റെ മാതാവ് പറഞ്ഞു.
ഈ വിവരമറിഞ്ഞ് പ്രകോപിതനായ ജോജി, തന്റെ സുഹൃത്തുക്കളായ മറ്റു പ്രതികളെയും കൂട്ടി ഇരുവരെയും മർദിക്കുകയായിരുന്നു. ഈ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിബുഖാൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
സംഭവത്തിനുശേഷം ഒളിവിൽ പോയ കുഞ്ഞുമോനെ പിന്നീട് മണിമല പൊലീസ് വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്തു. നരഹത്യയ്ക്കാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
നിലവിൽ പ്രതികൾ റിമാൻഡിലാണ്. കൊല്ലപ്പെട്ട
ഷിബുഖാന് അതിക്രൂരമായ മർദനമേറ്റിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ജോജി ജോണും സംഘവും ചേർന്ന് ഷിബുഖാനെ തലകീഴായി നിലത്തടിച്ചതാണ് മരണകാരണം.
ഇതേതുടർന്ന് തലയോട്ടി തകർന്ന് അസ്ഥി ഉള്ളിലേക്ക് തള്ളിക്കയറുകയും ദേഹമാസകലം പരിക്കേറ്റ പാടുകൾ ഉണ്ടാവുകയും ചെയ്തു. ഈ ക്രൂരത കണ്ടു ഭയന്നാണ് ഒപ്പമുണ്ടായിരുന്ന കുഞ്ഞുമോൻ ഓടിയത്.
തുടർന്ന് റബർത്തോട്ടത്തിനുള്ളിൽ ഒളിച്ചിരുന്ന അദ്ദേഹം രണ്ടു ദിവസത്തിനുശേഷം രാത്രിയാണ് വീട്ടിലെത്തിയത്. പിന്നാലെ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നിരവധി വീടുകളുള്ള ജനവാസ മേഖലയാണ് കറിക്കാട്ടൂർ അമ്പാട്ടുനഗർ. കേസിലെ പ്രതികളെല്ലാം തൊട്ടടുത്ത വീടുകളിൽ താമസിക്കുന്നവരും ദീർഘകാലത്തെ സുഹൃത്തുക്കളുമാണ്.
ജോജിയുടെ മാതാവിനെ ആക്രമിച്ചെന്ന വിവരം ലഭിച്ച ഉടൻതന്നെ ഇവർ പെട്ടെന്ന് ഒത്തുകൂടുകയായിരുന്നു. എന്നാൽ ഷിബുഖാനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല മർദനമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന മൊഴി.
സംഭവം നടക്കുമ്പോൾ കുഞ്ഞുമോന്റെ ഭാര്യാമാതാവും മൂത്തമകനും സ്ഥലത്തുണ്ടായിരുന്നു. ഇവർ തടസ്സം പിടിക്കാൻ ശ്രമിച്ചെങ്കിലും അക്രമിസംഘത്തിന്റെ മുന്നിൽ ഒന്നും ചെയ്യാനായില്ലെന്ന് കുഞ്ഞുമോന്റെ ഭാര്യാമാതാവ് ചിന്നമ്മ വ്യക്തമാക്കി.
ബുധനാഴ്ച രാവിലെയും കുഞ്ഞുമോൻ വീട്ടിലെത്താതിരുന്നതിനെത്തുടർന്ന് ചിന്നമ്മ തൊട്ടടുത്ത പുരയിടത്തിൽ നടത്തിയ പരിശോധനയിലാണ് ഷിബുവിനെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി യു.ശ്രീജിത്തിന്റെ നിർദേശപ്രകാരം എരുമേലി ഇൻസ്പെക്ടർ എം.ആർ.സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
മണിമല എസ്എച്ച്ഒ പ്രദീപ്, എസ്ഐമാരായ ജിബീഷ് ശശികുമാർ, സിജി കുട്ടപ്പൻ, സിവിൽ പൊലീസ് ഓഫിസർമാരായ ബോബി ശ്രീജിത്ത്, സെൽവരാജ്, അരുൺ, അനീഷ്, റഫീക്ക്, രഞ്ജിത്ത് നായർ എന്നിവരും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.

