കൊല്ലം ജില്ലയിൽ ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ചു. ചിതറ കിഴക്കുംഭാഗം മണിമന്ദിരം വീട്ടിൽ വിനോദിനെയാണ് (50) കൊട്ടാരക്കര അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി എ.
ഷാനവാസ് ശിക്ഷിച്ചത്. മൂന്ന് വർഷവും ഒരു മാസവും തടവും 25,500 രൂപ പിഴയവുമാണ് കോടതി വിധിച്ചിരിക്കുന്നത്.
2022 ഡിസംബർ 28-ന് രാത്രി 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചിതറ കിഴക്കുംഭാഗം പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ച്, മുൻവൈരാഗ്യത്തിന്റെ പശ്ചാത്തലത്തിലാണ് ആക്രമണമുണ്ടായത്.
കിഴക്കുംഭാഗം സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ ഹരീഷ് കുമാറിനെ പ്രതി തടഞ്ഞുനിർത്തി തള്ളി താഴെയിട്ടു. തുടർന്ന് കൈവശം കരുതിയിരുന്ന കൊടുവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
അന്നത്തെ സബ് ഇൻസ്പെക്ടറായിരുന്ന ജി. അനിൽകുമാർ ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
കോടതിയിൽ നടന്ന വിചാരണ വേളയിൽ പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്തരിച്ചു. കൂടാതെ 18 രേഖകളും 5 മെറ്റീരിയൽ ഒബ്ജക്റ്റുകളും തെളിവായി കോടതിയിൽ ഹാജരാക്കുകയുണ്ടായി.
വിധിയുടെ ഭാഗമായി പ്രതി പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈടാക്കുന്ന പിഴത്തുക ആക്രമണത്തിൽ പരിക്കേറ്റ ഹരീഷ് കുമാറിന് നൽകണമെന്നും വിധിയിൽ വ്യക്തമാക്കുന്നു.
പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ അഡ്വ. വെളിയം കെ.
ഷാജി ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

