കോട്ടയത്ത് അടുത്തിടെ രണ്ടിടത്ത് വിവാഹത്തിനു സദ്യ വിളമ്പാൻ നേരമായിട്ടും കരാർ ഏറ്റെടുത്ത കേറ്ററിങ് കമ്പനി ആഹാരം എത്തിക്കാത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിൽ കാഞ്ഞിരപ്പള്ളിയിൽ ഉദയം എന്ന പേരിൽ കേറ്ററിങ് ഏജൻസി നടത്തിയിരുന്ന കാളകെട്ടി മാഞ്ഞുക്കുളം ചക്കുംപറമ്പിൽ വിഷ്ണു മോഹനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
എന്നാൽ ഈ സംഭവത്തിൽ കോട്ടയത്തെ മാഞ്ഞൂരിലുള്ള, വർഷങ്ങൾ പാരമ്പര്യമുള്ള ‘ഉദയം കേറ്ററിങ്’ ഉടമ രാജേന്ദ്രൻ ചെയ്യാത്ത കുറ്റത്തിനു പഴി കേൾക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാപകൽ പലയിടങ്ങളിൽനിന്നും ആളുകൾ ഫോണിൽ വിളിച്ച് അസഭ്യവർഷം നടത്തുന്നതായി രാജേന്ദ്രൻ വ്യക്തമാക്കുന്നു.
കേറ്ററിങ് ഏജൻസിയുടെ പേരിലെ സാമ്യം കാരണം തന്റെ ബിസിനസിനു സംഭവിച്ച നഷ്ടങ്ങളെ കുറിച്ചും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുഭവിച്ചു വരുന്ന മാനസിക വിഷമങ്ങളെ കുറിച്ചും അദ്ദേഹം മാധ്യമങ്ങളോട് മനസ്സ് തുറക്കുകയുണ്ടായി. ആ ഉദയം എന്റേതല്ല കുറച്ച് ദിവസങ്ങൾക്ക് മുൻപ് രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോഴാണ് അജ്ഞാത കോൾ എത്തിയത്.
ഫോൺ എടുത്തപ്പോൾ ഉദയ കേറ്ററിങ് അല്ലേ എന്ന് ചോദിച്ചാണ് സംഭാഷണം ആരംഭിച്ചത്. ഒരു സദ്യയുടെ കരാർ നൽകാനാണ് വിളിച്ചതെന്ന് പറഞ്ഞതോടെ കിടക്കയിൽനിന്നും എഴുന്നേറ്റ് കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചു.
എന്നാൽ തീയതി ചോദിച്ചപ്പോൾ ഒക്ടോബർ മാസത്തിലെ ഒരു ദിവസമാണ് ഇയാൾ പറഞ്ഞത്. അത് കന്നി മാസം അല്ലേ എന്ന് തിരിച്ച് ചോദിച്ചപ്പോൾ ‘അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ എന്നു ചോദിച്ച് ഫോണിൽ വിളിച്ചയാളുടെ സ്വരം പൂർണ്ണമായും മാറി.
ഇതുവരെ കേൾക്കാത്ത തരത്തിലുള്ള അസഭ്യ വർഷമാണ് പിന്നീട് ഉണ്ടായത്. കോൾ അവസാനിപ്പിച്ചെങ്കിലും പിന്നീട് കേരളത്തിന്റെ വിവിധ ഇടങ്ങളിൽനിന്നും നിരന്തരം ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു.
പലരും ഓർഡറുകൾ നൽകാനെന്ന വ്യാജേനയാണ് വിളിക്കുന്നത്. എന്നാൽ ഫോൺ എടുക്കുമ്പോൾ തന്നെ ചിലർ തെറിവിളി ആരംഭിക്കുകയാണ്.
യഥാർത്ഥത്തിൽ തട്ടിപ്പ് നടത്തിയത് തന്റെ ഉദയം കേറ്ററിങ് അല്ലെന്ന് ഇവർക്ക് മുന്നിൽ വിശദീകരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. വിശദീകരണം കേൾക്കാൻ നിൽക്കാതെയാണ് പലരും അസഭ്യം പറയുന്നത്.
തട്ടിപ്പ് സ്ഥാപനത്തിന്റെ പേരിൽ മുൻപും പഴി കാഞ്ഞിരപ്പള്ളിയിൽ മറ്റൊരു ഉദയം കേറ്ററിങ് പ്രവർത്തിക്കുന്നതായി മുൻപേ തന്നെ അറിയാമായിരുന്നു. കേറ്ററിങ് മേഖലയിൽ തങ്ങളുടെ അത്രയും വലിയ സംവിധാനങ്ങൾ അവർക്കുണ്ടായിരുന്നില്ല.
എന്നാൽ കഴിഞ്ഞ ഓഗസ്റ്റ് മാസം ചെങ്ങന്നൂരിലെ ഒരു പെൺകുട്ടി ഫോണിൽ വിളിച്ച് ഇതേക്കുറിച്ച് പരാതി പറഞ്ഞിരുന്നു. ആ സമയം തന്നെ താനല്ല ആ കേറ്ററിങ് കമ്പനിയുടെ ഉടമയെന്ന് അവർക്ക് വിശദീകരിച്ചു നൽകുകയും ആ സ്ഥാപനത്തിന്റെ നമ്പർ ഉൾപ്പെടെ കൈമാറുകയും ചെയ്തിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെയാണ് യുവതി ആ ഏജൻസിക്ക് ഓർഡർ നൽകിയത്. കരാർ എഴുതുന്ന പതിവ് അവർക്ക് അന്നുമുണ്ടായിരുന്നില്ലെന്ന് യുവതിയുടെ സംസാരത്തിൽനിന്നും വ്യക്തമായിരുന്നു.
സൈബർ ആക്രമണം, പരാതിക്കില്ല വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾക്ക് ഇരയാകുമ്പോഴും പൊലീസിൽ ഇതുസംബന്ധിച്ച് ഔദ്യോഗികമായി പരാതി നൽകാനില്ലെന്നാണ് രാജേന്ദ്രൻ പറയുന്നത്. ആളുകൾ അവരുടെ രോഷം തീർക്കുകയാണെന്നും കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ ഇത് മാറുമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.
കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഫോണിലൂടെ ആളുകൾ മോശമായി സംസാരിച്ചു തുടങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഇത്തരത്തിലുള്ള വിളികൾ എത്തുന്നുണ്ട്.
എന്നാൽ പരിചയക്കാരിൽ ചിലർ പോലും മാധ്യമങ്ങളിലെ വാർത്ത കണ്ട് തന്റെ കമ്പനിയാണ് ആളുകളെ കബളിപ്പിച്ചതെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. കാരണവർമാLക്ക് സ്ഥാനമില്ല ഇത്തരം തട്ടിപ്പുകളിൽ ചെന്നുചാടുന്നവരിൽ അധികവും ചെറുപ്പക്കാരാണ്.
ഇന്നത്തെ കാലത്ത് വിവാഹം അടക്കമുള്ള പ്രധാന ചടങ്ങുകളിൽ വീടുകളിലെ പുതുതലമുറയാണ് പ്രധാന ഇടപാടുകൾക്ക് മുന്നിട്ടിറങ്ങുന്നത്. അവർ പലപ്പോഴും സമൂഹമാധ്യമങ്ങളിലെ വിഡിയോകൾ മാത്രം കണ്ടാണ് അന്തിമ തീരുമാനങ്ങൾ എടുക്കുന്നത്.
എന്നാൽ മുൻകാലങ്ങളിൽ പരിചയക്കാരുടെ മുൻ അനുഭവങ്ങൾ ചോദിച്ചറിഞ്ഞായിരുന്ന കേറ്ററിങ് കമ്പനികളെ വിവാഹ സദ്യയൊരുക്കാൻ തിരഞ്ഞെടുത്തിരുന്നത്. കേറ്ററിങ് തുടക്കം 1999ൽ കേറ്ററിങ് മേഖലയിലേക്ക് രാജേന്ദ്രൻ കടന്നു വരുന്നത് 1999-ലാണ്.
സുഹൃത്തുമൊത്ത് പങ്കാളിത്തത്തോടെ തുടങ്ങിയ കേറ്ററിങ് ബിസിനസ് കോട്ടയത്ത് ഏറെ പേരെടുത്തിരുന്നു. തുടർന്ന് 2018-ലാണ് ‘ഉദയം’ എന്ന സ്വന്തം കേറ്ററിങ് കമ്പനി അദ്ദേഹം ആരംഭിക്കുന്നത്.
ഒട്ടേറെ പ്രതിസന്ധികളെയും കടമ്പകളെയും അതിജീവിച്ചാണ് ഈ ബിസിനസ് ഇന്നത്തെ നിലയിലേക്ക് വളർത്തിക്കൊണ്ടുവന്നത്. എന്നാൽ യാതൊരു തെറ്റും ചെയ്യാതെ ഇന്ന് പഴികേൾക്കേണ്ടി വരുന്നതിന്റെ വേദനയിലാണ് അദ്ദേഹം.
കേറ്ററിങ് കമ്പനികളും പ്രതിസന്ധിയിൽ പണ്ടത്തെ പോലെയുള്ള യാതൊരുവിധ മെച്ചവും ഇന്നത്തെ കേറ്ററിങ് മേഖലയിൽ ഇല്ല. പാചക സാധനങ്ങളുടെ വിലക്കയറ്റവും ഗ്യാസ് വിലവർധനവും കാരണം കേറ്ററിങ് കമ്പനികൾ വലിയ പ്രതിസന്ധിയാണ് നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്നത്.
ഇതിനുപുറമെ മികച്ച പാചകക്കാരെ കണ്ടെത്താനും വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ഇത്തരം കടുത്ത പ്രതിസന്ധികൾക്കിടയിൽ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് ഇത്തരം തട്ടിപ്പ് സംഭവങ്ങളും അരങ്ങേറുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

