തലസ്ഥാനത്ത് വസ്ത്രവ്യാപാരത്തിന്റെ മറവിൽ മയക്കുമരുന്ന് കടത്തിയ സംഘം എക്സൈസ് സംഘത്തിന്റെ പിടിയിലായി. സംഭവത്തിൽ അമ്മയും മകനും ഉൾപ്പെടെ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്.
നെയ്യാറ്റിൻകര ആറാലുമൂട് ചന്തയ്ക്ക് മുന്നിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. ഈഞ്ചക്കൽ അക്ഷരവീഥിയിൽ കിരൺ (33), അമ്മ ബീന (50), കിരണിന്റെ വനിതാ സുഹൃത്തും തിരുനൽവേലി സ്വദേശിനിയുമായ സന്ധ്യ (18), കിരണിന്റെ സുഹൃത്തും ചാല സ്വദേശിയുമായ അക്ഷയ് (26) എന്നിവരാണ് അറസ്റ്റിലായത്.
ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് മഹീന്ദ്ര സൈലോ കാറിൽ 125 ഗ്രാം എംഡിഎംഎ കൊണ്ടുവരുന്നതിനിടെയായിരുന്നു അറസ്റ്റ്. ‘ഓപ്പറേഷൻ തണ്ടർ’ എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്.
സംഘം തിരുവനന്തപുരത്തേക്ക് ലഹരിയുമായെത്തുന്നുണ്ടെന്ന് എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഹിരോഷ് വി.ആറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഈഞ്ചയ്ക്കലിൽ ‘ഹോം ഗാർമെന്റ്സ്’ എന്ന പേരിൽ തുണികച്ചവടം നടത്തിവരുന്നതിന്റെ മറവിലായിരുന്നു ഇവർ ലഹരി വിൽപ്പന നടത്തിയിരുന്നത്.
ബെംഗളുരുവിൽ നിന്നും കച്ചവടത്തിനായി കുറച്ച് വസ്ത്രങ്ങൾ ഒപ്പം വാങ്ങും. തുടർന്ന് കുടുംബമായി യാത്ര ചെയ്യുകയാണെന്ന് തെറ്റിധരിപ്പിച്ചാണ് ഇവർ പരിശോധനകളിൽ നിന്ന് രക്ഷപ്പെട്ടിരുന്നത്.
പിടിക്കപ്പെടുമ്പോൾ കിരണിന്റെ എട്ടുവയസുകാരിയായ മകളും വാഹനത്തിലുണ്ടായിരുന്നു. തുടർന്ന് ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന കിരണിന്റെ മറ്റ് ബന്ധുക്കളെ വിളിച്ചുവരുത്തി കുട്ടിയെ സുരക്ഷിതമായി കൈമാറുകയായിരുന്നു.
വാഹനത്തിലെ മ്യൂസിക് സിസ്റ്റത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കിരണിന്റെ അമ്മയുടെ ഫോൺ ഉപയോഗിച്ചാണ് ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്ന് ഫോൺ പരിശോധനയിലൂടെ എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികളിൽ നിന്നും പിടിച്ചെടുത്ത നാല് ഫോണുകളും, 10,500 രൂപയും, കടത്താൻ ഉപയോഗിച്ച വാഹനവും തൊണ്ടിമുതലായി പിടിച്ചെടുത്തിട്ടുണ്ട്. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ആർ.
മനോജ് സ്ഥലത്തെത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും, ഇവരുടെ ലഹരി ഇടപാട് ബന്ധങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

