തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലേക്ക് എത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട ജിഎസ്ടി തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചേക്കുമെന്ന് സൂചന.
ജിഎസ്ടി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകൾ ഉണ്ടായെന്നാണ് എസ്ഐടിയുടെ പ്രഥമിക നിഗമനം. സ്പോൺസർക്ക് സമൻസ് അയച്ചിട്ടും ഏഴു മാസത്തോളം യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്ന കണ്ടെത്തലാണ് പ്രധാനപ്പെട്ടത്.
കോടികളുടെ നികുതി വെട്ടിപ്പ് ഗൗരവത്തോടെ കാണാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നും വിലയിരുത്തപ്പെടുന്നു. നിലവിലുള്ള മൂന്ന് ഉദ്യോഗസ്ഥർക്ക് പുറമെ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്.
അതേസമയം, കേസിൽ സമഗ്രമായ അന്വേഷണത്തിനായി പുതിയ പ്രത്യേക സംഘത്തെയും നിയോഗിക്കും. വിജിലൻസ് ഉദ്യോഗസ്ഥരും പുതിയ അന്വേഷണ സംഘത്തിൽ ഉൾപ്പെടുമെന്നാണ് വിവരം.
നിലവിലുള്ള സേവന നികുതി വെട്ടിപ്പ് സംബന്ധിച്ച എസ്ഐടി അന്വേഷണത്തിന് പുറമെയാണ് ഇപ്പോൾ പുതിയ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 22.68 കോടി രൂപ നികുതി ഇനത്തിൽ അടയ്ക്കാത്ത സ്പോൺസറായ കമ്പനിക്കെതിരെയാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ജിഎസ്ടി വകുപ്പ് നിയോഗിച്ച അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം കാഞ്ഞങ്ങാട് നേരിട്ടെത്തി പരിശോധനകൾ നടത്തിയിരുന്നു. കാഞ്ഞങ്ങാട്ടെ ജിഎസ്ടി ഉദ്യോഗസ്ഥരാണ് ഈ നികുതി വെട്ടിപ്പ് ആദ്യമായി കണ്ടെത്തിയത്.
സ്പോൺസർമാരായ കമ്പനിക്ക് നോട്ടീസ് അയച്ചിട്ടും തുടർ നടപടികൾ സ്വീകരിക്കാത്തത് സംബന്ധിച്ച് ഉദ്യോഗസ്ഥരോട് വിശദീകരണവും തേടിയിട്ടുണ്ട്. ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന വ്യാജേന നടന്ന വിവിധ ക്രമക്കേടുകളുടെ ഭാഗമായി വലിയ തോതിൽ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന കോണിലാണ് വിശദമായ അന്വേഷണം നടക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ച് സർക്കാർ കർശന അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

