തിരുവനന്തപുരം: മാസപ്പടിക്കേസിൽ ആദ്യഘട്ട കുറ്റപത്രത്തിന് മുന്നോടിയായുള്ള അന്തിമഘട്ട
ചോദ്യം ചെയ്യലുകൾ നാളെ മുതൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി സിഎംആർഎൽ ഉദ്യോഗസ്ഥരെ നാളെ വീണ്ടും ചോദ്യം ചെയ്യും.
എന്നാൽ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ഇനി ചോദ്യം ചെയ്യുന്നതിൽ കൂടുതൽ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. കരിമണൽ കമ്പനിയായ സിഎംആർഎൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ വീണയിലേക്കും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയിലേക്കും ഉൾപ്പെടെ കോടിക്കണക്കിന് രൂപ ഒഴുകിയെത്തിയതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിക്കുന്നത് 2024-ലാണ്.
ഇതിന് ശേഷം കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിക്കാനുള്ള നിർണായക നീക്കത്തിലാണ് ഇപ്പോൾ അന്വേഷണ സംഘം.
നാളെയും മറ്റന്നാളുമായി സിഎംആർഎൽ ലെ സാമ്പത്തിക ഇടപാടുകളും കാര്യങ്ങളും കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരെയാണ് വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. ആകെ ഒമ്പത് പേരോട് നേരിട്ട് ഹാജരാകാനാണ് ഇഡി കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ ഇവരെ ചോദ്യം ചെയ്തതു വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തുടർ അന്വേഷണങ്ങൾ നടത്തിയത്. ഈ ഉദ്യോഗസ്ഥരുടെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുക എന്നതാണ് നിലവിലെ ചോദ്യം ചെയ്യലിന്റെ പ്രധാന ലക്ഷ്യം.
എന്നാൽ ഈ ഘട്ടത്തിൽ വീണയെ വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് നിലവിലെ അനുമാനം. നേരത്തെ രണ്ട് തവണ ഇവരെ ചോദ്യം ചെയ്തിരുന്നു.
ഇതിനുശേഷം ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കേസെടുക്കണമെന്നുള്ള നിർദ്ദേശത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് അനുസൃതമായിരിക്കും തുടർനടപടികൾ. അതേസമയം, മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നത് ഉന്നതതല കൂടിയാലോചനകൾക്ക് ശേഷം മാത്രമായിരിക്കും.
ആദ്യം നൽകിയ മൊഴി പൂർണ്ണമായും നിഷേധിച്ച് മുഹമ്മദ് റിയാസിന്റെ സുഹൃത്തായ വാരിസ് രംഗത്തെത്തിയ പശ്ചാത്തലത്തിൽ, വളരെ കൂടുതൽ ശ്രദ്ധയോടെയും കരുതലോടെയുമായിരിക്കും ഇഡിയുടെ അടുത്ത ഘട്ട നീക്കങ്ങൾ.
മാസപ്പടി കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിക്കുന്നതിന് ആവശ്യമായ ശക്തമായ തെളിവുകൾ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
വിജിലൻസ് അന്വേഷണ നിർദ്ദേശത്തിൽ തിങ്കളാഴ്ച അഡ്വക്കേറ്റ് ജനറൽ (എജി) സർക്കാരിന് ഔദ്യോഗിക നിയമോപദേശം കൈമാറും. ഈ വിഷയത്തിൽ അതീവ ജാഗ്രതയോടെ വേണം അന്തിമ തീരുമാനങ്ങൾ എടുക്കാനെന്നാണ് കോൺഗ്രസിലെ പൊതുവായ അഭിപ്രായം.
നിലവിൽ പന്ത് സർക്കാരിന്റെ കോർട്ടിൽ നിൽക്കെ, ആദ്യഘട്ട അന്വേഷണങ്ങൾ പൂർത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

