കോട്ടയം കൂരോപ്പാടയിൽ നടന്ന കൂട്ട ആത്മഹത്യാ ശ്രമത്തിന് പിന്നിലെ കാരണങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കുടുംബം നേരിട്ടിരുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനകൾ പുരോഗമിക്കുകയാണ്.
കൂരോപ്പട സർവീസ് സഹകരണ ബാങ്കിന്റെ മറ്റപ്പള്ളി ശാഖയിൽ നിന്ന് ജോസ്ന നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള രേഖകൾ അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു.
ഇവർക്ക് പുറമേ മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായുള്ള ഇടപാടുകളും പൊലീസ് പരിശോധിച്ചു വരികയാണ്. കുടുംബത്തിന് വലിയ തോതിലുള്ള ബാധ്യതകൾ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിക്കുന്നു.
തോമസ് എബ്രഹാമിന് ചിട്ടി സ്ഥാപനം ഉണ്ടായിരുന്നുവെന്നും, നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നുവെന്നുമാണ് പുറത്തുവരുന്ന വിവരം. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടുംബത്തിലെ നാല് പേരെയും വീട്ടിൽ അവശ നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ കീടനാശിനി ഉള്ളിൽ ചെന്നതായി സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ജോസ്ന (42), മകൾ മരിയ തെരേസ എന്നിവർ മരണപ്പെട്ടു.
കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ഒരാഴ്ചയോളം ചികിത്സയിൽ തുടർന്ന ശേഷമായിരുന്നു മരണം. ഭർത്താവ് തോമസ് എബ്രഹാം, മകൻ അലൻ എന്നിവർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവ ദിവസം കുടുംബാംഗങ്ങൾ ഏറെ അസ്വസ്ഥരായിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ വീട്ടിൽ പരിശോധന നടത്തി. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക.
ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

