കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് നേരിടേണ്ടി വന്ന തിരിച്ചടികൾക്ക് കാരണം പൊതുജനങ്ങളെ രാഷ്ട്രീയമായി കാര്യക്ഷമമായി ചേർത്തുനിർത്താൻ കഴിയാതെ പോയതാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജെയ്ക് സി.
തോമസ് വ്യക്തമാക്കുന്നു. കോട്ടയം മണർകാട് സ്വദേശിയായ 36 കാരനായ അദ്ദേഹം, ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റുമാണ്.
സമൂഹത്തിലെ പുതിയ തലമുറയായ ജെൻസീ, ജെൻ ആൽഫ വിഭാഗങ്ങളെ അകറ്റി നിർത്തിയത് മാത്രമാണ് തോൽവിക്ക് കാരണമെന്ന രീതിയിലുള്ള വിശകലനങ്ങൾ ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പാർട്ടി എക്കാലത്തും പുതിയ തലമുറയോടൊപ്പം തന്നെയായിരുന്നു.
എന്നാൽ ഇത്തവണ പരമ്പരാഗതമായി എൽഡിഎഫിനൊപ്പം നിന്നിരുന്ന എല്ലാ ജനവിഭാഗങ്ങളെയും ഒരുപോലെ ഒപ്പിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി സംസ്ഥാന കമ്മിറ്റിയിലേക്ക് സ്ഥിരം ക്ഷണിതാവായി ഉൾപ്പെടുത്തിയതിനെക്കുറിച്ച് പ്രതികരിക്കുമ്പോൾ, പാർട്ടി ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം അതീവ ഗൗരവത്തോടെയും പൂർണ്ണമായും നിർവഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പുതിയ തലമുറ രാഷ്ട്രീയമായി ചിന്തിക്കുന്നവരാണെന്നും സമീപകാലത്ത് ഡിവൈഎഫ്ഐ ഏറ്റെടുത്ത വിഷയങ്ങളിലെല്ലാം യുവജനങ്ങൾ മികച്ച പിന്തുണയാണ് നൽകിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യൂത്ത് ക്യാമ്പുകൾ, സാഹിത്യ ക്യാമ്പുകൾ, സ്റ്റാർട്ടപ്പ് ക്യാമ്പുകൾ, നാടൻ പന്തുകളി പോലുള്ള നാടൻ വിനോദങ്ങൾ എന്നിവയിലൂടെ യുവജനങ്ങളെ കൂടുതൽ സജീവമായി ഒപ്പിച്ചു നിർത്താനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലങ്ങൾ മാത്രമാണ് പാർട്ടിയുടെ നയങ്ങളെയും നിലപാടുകളെയും അളക്കാനുള്ള മാനദണ്ഡമെന്ന് കരുതാനാവില്ല. 2021 ലെ തിരഞ്ഞെടുപ്പിൽ കൂടുതൽ യുവാക്കൾക്ക് അവസരം നൽകിയപ്പോൾ മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ലഹരി മാഫിയയ്ക്കെതിരെയുള്ള ഏത് മുന്നേറ്റത്തെയും സ്വാഗതം ചെയ്യുന്നുവെന്നും, മുൻ സർക്കാരിന്റെ കാലത്ത് 2024-25 കാലയളവിൽ മാത്രം മുപ്പത്തിയെട്ടായിരത്തോളം കേസുകൾ എടുത്തിട്ടുണ്ടെന്നും എന്നാൽ അത്തരം പ്രവർത്തനങ്ങൾ ഇന്നത്തെപ്പോലെ ജനങ്ങളിലേക്ക് ബ്രാൻഡ് ചെയ്ത് എത്തിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

