കോരപ്പുഴ റെയിൽവേ പാലം മുതൽ അഴിമുഖം വരെയുള്ള ഭാഗത്ത് നടക്കുന്ന ആഴംകൂട്ടൽ പ്രവൃത്തികളുടെ മറവിൽ വൻതോതിൽ മണൽക്കൊള്ള നടക്കുന്നതായി കേരള പരിസ്ഥിതി സംരക്ഷണ സമിതി (സ്പെക്) ആരോപിച്ചു. പുഴയിൽ നിന്ന് നീക്കം ചെയ്യുന്ന ചെളിയും മണലും അടങ്ങിയ ‘സ്പോയിൽ’ നിക്ഷേപിക്കാൻ അനുവദിച്ച മാട്ടുവയൽ ബീച്ചിൽ നിന്ന്, കരാറുകാർ ചെളി ഉപേക്ഷിച്ച് വിലപിടിപ്പുള്ള മണൽ മാത്രം വേർതിരിച്ച് കടത്തുന്നുവെന്നാണ് പ്രധാന പരാതി.
തീരത്തെ സ്വാഭാവിക മണൽത്തിട്ടകൾ നശിപ്പിച്ചത് പ്രദേശത്ത് ഗുരുതരമായ കടലാക്രമണ ഭീഷണി ഉയർത്തുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. ജലസേചന വകുപ്പ് 2015-ൽ ആവിഷ്കരിച്ച പദ്ധതിക്ക് 2022-ലാണ് അനുമതി ലഭിച്ചത്.
2,84,16,738 രൂപയ്ക്ക് പെരുമ്പാവൂർ സ്വദേശിയായ കരാറുകാരനാണ് പദ്ധതി ഏറ്റെടുത്തത്. 2024-ൽ ആരംഭിച്ച പ്രവൃത്തികൾക്കായി മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നിശ്ചയിച്ച തുച്ഛമായ നിരക്കായ ക്യുബിക് മീറ്ററിന് 192 രൂപ നിരക്കിൽ ഇതേ കരാറുകാരൻ തന്നെ സ്പോയിൽ ലേലത്തിൽ പിടിച്ചതും ദുരൂഹമാണെന്ന് സമിതി ആരോപിക്കുന്നു.
നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ജില്ലാ കലക്ടർ വിളിച്ച യോഗത്തിൽ പ്രവൃത്തി താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ പദ്ധതി പുനരാരംഭിക്കാൻ നീക്കങ്ങൾ നടക്കുന്നതിൽ ആശങ്കയിലാണ് പ്രദേശവാസികൾ.
വി.ടി.നാസർ, ഡോ.കെ.കെ.വിജയൻ, ഡോ.അബ്ദുൽ ഹമീദ്, ഡോ.കെ.കെ.ദേവദാസൻ, പ്രഫ.ഉണ്ണിക്കൃഷ്ണൻ നമ്പീശൻ, പ്രഫ.കെ.കോയട്ടി എന്നിവരടങ്ങുന്ന വിദഗ്ധ സമിതി പ്രദേശം സന്ദർശിച്ചാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. 2008-ൽ ചെന്നൈ ഐഐടിയിലെ വിദഗ്ധരായ പ്രഫ.വി.സുന്ദർ, ഡോ.എസ്.എ.സന്നസിരാജു എന്നിവർ സമർപ്പിച്ച പഠന റിപ്പോർട്ടിൽ അഴിമുഖത്ത് നിന്ന് മണൽ ഡ്രഡ്ജ് ചെയ്യണമെന്ന് ഒരിടത്തും നിർദേശിച്ചിട്ടില്ലെന്ന് സമിതി വ്യക്തമാക്കുന്നു.
കരാർ ലംഘിച്ച് തീരത്ത് ചെളി നിക്ഷേപിക്കുന്നതിനൊപ്പം, മണൽ ഖനനം നടന്നയിടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും കെട്ടിട അവശിഷ്ടങ്ങളും തള്ളിയതായും പരിശോധനയിൽ തെളിഞ്ഞു.
ഈ സാഹചര്യത്തിൽ കോരപ്പുഴ അഴിമുഖം ടൂറിസ്റ്റ് കേന്ദ്രമാക്കാൻ കോർപറേഷൻ മുൻകൈ എടുക്കണമെന്നും, മറൈൻ ഇക്കോളജിയിൽ പ്രാവീണ്യമുള്ള ശാസ്ത്രജ്ഞരും നാട്ടുകാരുടെ പ്രതിനിധികളും ഉൾപ്പെട്ട സമിതി വിശദമായ പഠനം നടത്തിയ ശേഷം മാത്രം പ്രവൃത്തികൾ പുനരാരംഭിക്കണമെന്നും സ്പെക് പ്രസിഡന്റ് പ്രഫ.കെ.കോയട്ടി, സെക്രട്ടറി ഡോ.കെ.കെ.ദേവദാസൻ എന്നിവർ കലക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി, വനം-പരിസ്ഥിതി വകുപ്പ് മന്ത്രി, കോർപറേഷൻ മേയർ, എലത്തൂർ എംഎൽഎ എന്നിവർക്കും സമിതി പരാതി നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

