ഉസ്ബെക്കിസ്ഥാനിൽ എംബിബിഎസ് വിദ്യാർഥിനിയായിരുന്ന സാവരിയ ബസന്ത് (21) കൊല്ലപ്പെട്ട സംഭവത്തിൽ, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു.
മരണത്തിന് 24 മണിക്കൂറിനുള്ളിൽ ശരീരത്തിൽ ഏറ്റിട്ടുള്ള പരുക്കുകളാണ് മരണകാരണമെന്ന് പൊലീസ് സർജന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. മൂർച്ചയില്ലാത്ത ഉപകരണം ഉപയോഗിച്ച് തലയ്ക്കുണ്ടായ മാരകമായ ക്ഷതമാണ് വിദ്യാർഥിനിയുടെ ജീവൻ കവർന്നത്.
ഉസ്ബെക്കിസ്ഥാനിൽ വെച്ച് നേരത്തെ നടത്തിയ ശസ്ത്രക്രിയയും പോസ്റ്റ്മോർട്ടം നടപടികളും ശരീരത്തിലെ ചില പരുക്കുകളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭിച്ചതിന് ശേഷമേ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയുള്ളൂ.
ഉസ്ബെക്കിസ്ഥാനിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട രേഖകളും ലഭ്യമായാൽ മാത്രമേ കൂടുതൽ ശാസ്ത്രീയമായ നിഗമനങ്ങളിൽ എത്താൻ സാധിക്കൂ എന്ന് ആലപ്പുഴ മെഡിക്കൽ കോളജിലെ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ലഭിച്ച ഉസ്ബെക്കിസ്ഥാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്ന് പരാമർശമുണ്ടായിരുന്നെങ്കിലും, ശരീരത്തിലെ മറ്റ് മുറിവുകളെക്കുറിച്ച് വിവരങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, ബന്ധുക്കളുടെ ആവശ്യപ്രകാരം വീണ്ടും നടത്തിയ പരിശോധന ക്രൂരമായ മർദനമാണ് മരണത്തിന് വഴിവെച്ചതെന്ന കുടുംബത്തിന്റെ സംശയത്തിന് കൂടുതൽ ബലം നൽകുന്നു.
സാവരിയ ബസന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സഹപാഠിയായ മലപ്പുറം പുലാമന്തോൾ സ്വദേശി സദറുൽ അനം (22) ഉസ്ബെക്കിസ്ഥാനിൽ പൊലീസ് കസ്റ്റഡിയിലാണ്. കേസന്വേഷണത്തിന്റെ ഭാഗമായി സഹപാഠികളിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുപ്പ് ആരംഭിച്ചു.
ആവശ്യമായ പക്ഷം നയതന്ത്ര സഹായത്തോടെ ക്രൈംബ്രാഞ്ച് സംഘത്തെ ഉസ്ബെക്കിസ്ഥാനിലേക്ക് അയക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ വിവരമനുസരിച്ച് 20 ദിവസത്തിനുള്ളിൽ ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള അന്തിമ റിപ്പോർട്ട് ലഭ്യമാകും.
സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പിലാപ്പുഴയിലെ വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞു. കൂടാതെ, സംഭവത്തിൽ ഹരിപ്പാട് എസ്എച്ച്ഒയോട് റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഔദ്യോഗികമായി ഏറ്റുവാങ്ങുമെന്ന് ഹരിപ്പാട് എസ്എച്ച്ഒ വി.ഷിബു അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

