അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും നേരെ പരസ്യമായ വധഭീഷണി മുഴക്കി ഇറാൻ രംഗത്ത്. ടെഹ്റാനിലെ സെൻട്രൽ ഭാഗത്തായി അധികൃതർ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ബാനറാണ് അന്താരാഷ്ട്രതലത്തിൽ പുതിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുന്നത്.
യുഎസ് പതാക പുതപ്പിച്ച ശവപ്പെട്ടികൾക്ക് മുകളിലായി ട്രംപിന്റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ബാനർ തയ്യാറാക്കിയിരിക്കുന്നത്. പശ്ചാത്തലത്തിൽ വൈറ്റ് ഹൗസ് കത്തിയമരുന്ന ദൃശ്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രഥമ വനിത മെലാനിയ ട്രംപ്, മക്കളായ ഇവാൻക, ഡോൺ ജൂനിയർ, എറിക്, ടിഫാനി, ബാരൺ ട്രംപ് എന്നിവരുടെ ചിത്രങ്ങളും ഇതിൽ പതിപ്പിച്ചിട്ടുണ്ട്. പേർഷ്യൻ ഭാഷയിൽ “ചോരയ്ക്ക് ചോര” എന്ന ഭീതിപ്പെടുത്തുന്ന മുദ്രാവാക്യവും ബാനറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റിനെ ലക്ഷ്യമിട്ട് ഇറാൻ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇതിനു മുൻപ് ടെഹ്റാനിലെ എംഗലാബ് സ്ക്വയറിൽ മറ്റൊരു ബോർഡും ഇറാൻ സ്ഥാപിച്ചിരുന്നു.
അതിൽ ശവപ്പെട്ടിയിൽ കിടക്കുന്ന രീതിയിലുള്ള ട്രംപിന്റെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. വസ്ത്രധാരണം അലങ്കോലപ്പെട്ട്, കൈകൾ ചുവന്ന ടൈക്ക് മുകളിൽ വച്ച്, കണ്ണുകളടച്ചു കിടക്കുന്ന നിലയിലായിരുന്നു ചിത്രീകരണം.
ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിലനിൽക്കുന്ന കടുത്ത സംഘർഷങ്ങളുടെ തുടർച്ചയായാണ് ഈ സംഭവങ്ങളെ അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

