കോഴിക്കോട്: ജില്ലയിൽ നിപ്പ വൈറസ് ബാധയെത്തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മുഴുവൻ പേരും ആശുപത്രി വിട്ടു. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്താത്തതിനെത്തുടർന്നും നടത്തിയ പരിശോധനാഫലങ്ങൾ നെഗറ്റീവായതിനെത്തുടർന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന അവസാനത്തെ മൂന്ന് പേരെയും ഡിസ്ചാർജ് ചെയ്തു.
നിലവിൽ നിപ്പ ബാധിതനായ രോഗി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സ തുടരുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കാര്യമായ മാറ്റങ്ങളില്ല.
ഐസിഎംആർ (ICMR) മാർഗനിർദേശങ്ങൾ പ്രകാരം മോണോക്ലോണൽ ആന്റിബോഡി, റിപാവൈറിൻ, റെംഡെസിവിർ തുടങ്ങിയ ആധുനിക ചികിത്സാ രീതികളാണ് രോഗിക്ക് നൽകിവരുന്നത്. നിപ്പ രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട
ശേഷം ലക്ഷണങ്ങൾ പ്രകടമായ 14 പേരുടെ പരിശോധനാഫലം നേരത്തെ നെഗറ്റീവായതായി അധികൃതർ വ്യക്തമാക്കി. ഇതിനിടെ, സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള ഒരു ആരോഗ്യ പ്രവർത്തകയുടെ സാംപിൾ കൂടി അധിക പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കോഴിക്കോട്ടെത്തിയ നാഷനൽ ജോയിന്റ് ഔട്ട്ബ്രേക്ക് റസ്പോൺസ് ടീം (NJORT), ജില്ലാ കലക്ടർ എം.എസ് മാധവിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹി നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ജോയിന്റ് ഡയറക്ടർ ഡോ.
രാമേശ്വർ സൊറോഖൈബാം നേതൃത്വം നൽകുന്ന ഏഴംഗ സംഘം, രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് പരിശോധിച്ചു. അതേസമയം, സംസ്ഥാനത്ത് ഷിഗെല്ല ബാധയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
പുതുതായി പത്തു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ മൂന്നു പേർക്കും, തിരുവനന്തപുരം, മലപ്പുറം, തൃശൂർ ജില്ലകളിൽ രണ്ട് പേർക്ക് വീതവും, പാലക്കാട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഈ വർഷം ഇതുവരെ ആകെ 196 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ജൂൺ മാസം മാത്രം 120 പേർക്കാണ് സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

