വൈഗ അണക്കെട്ടിലെ ജലനിരപ്പ് 68 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവിലേക്ക് താഴ്ന്നതോടെ തമിഴ്നാട്ടിലെ മൂന്ന് ജില്ലകളിലെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും വൈഗ നദിയിൽ നിന്നുമാണ് ഈ അണക്കെട്ടിലേക്ക് ജലം എത്തുന്നത്.
എന്നാൽ, കേരളത്തിൽ ഇത്തവണ കാലവർഷം ദുർബലമായത് മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്കിനെയും ബാധിച്ചു. അപകടകരമായ ജലനിരപ്പ്
71 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
എന്നാൽ, കഴിഞ്ഞ ദിവസം ഇത് 21 അടിയായി കുറഞ്ഞു. അണക്കെട്ടിന്റെ പല ഭാഗങ്ങളും ജലമില്ലാതെ വിണ്ടുകീറിയ നിലയിലാണ്.
പ്രതിസന്ധി രൂക്ഷമായതോടെ കൃഷിക്കായുള്ള ജലവിതരണം പൂർണ്ണമായും നിർത്തിവെച്ചു. മധുര, ആണ്ടിപ്പെട്ടി, തേനി ടൗണുകളിലെ കുടിവെള്ള ആവശ്യങ്ങൾക്ക് മാത്രമാണ് ഇപ്പോൾ നിലവിൽ വെള്ളം ഉപയോഗിക്കുന്നത്.
മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചാൽ മാത്രമേ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് പുനഃസ്ഥാപിക്കാനാകൂ. എന്നാൽ, തേനി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.
പച്ചക്കറി ഉൽപാദനത്തെ ബാധിക്കുന്നു
ഡിണ്ടിഗൽ, തേനി, മധുര ജില്ലകളിലെ കാർഷിക ആവശ്യങ്ങൾക്കുള്ള പ്രധാന ജലസ്രോതസ്സാണ് വൈഗ അണക്കെട്ട്. ജൂൺ പകുതിയോടെ ആരംഭിക്കേണ്ടിയിരുന്ന നെൽക്കൃഷി ജലക്ഷാമം മൂലം മുടങ്ങി.
ഏകദേശം 45,000 ഏക്കറിലധികം സ്ഥലത്തെ പച്ചക്കറി കൃഷിയാണ് ഇതിലൂടെ തകിടം മറിഞ്ഞിരിക്കുന്നത്. കേരളത്തിലേക്കുള്ള പച്ചക്കറി വരവ് പ്രധാനമായും ഈ ജില്ലകളിൽ നിന്നായതിനാൽ, ഉൽപാദനത്തിലുണ്ടായ കുറവ് വിപണിയിൽ വലിയ വിലക്കയറ്റത്തിന് കാരണമാകുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു.
വരാനിരിക്കുന്ന ഓണക്കാല വിപണിയെയും ഇത് പ്രതികൂലമായി ബാധിക്കും. രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു
അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതോടെ മുല്ലപ്പെരിയാർ വിഷയം തമിഴ്നാട്ടിൽ വീണ്ടും രാഷ്ട്രീയ ചർച്ചയായിട്ടുണ്ട്.
ടിവികെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള നീക്കങ്ങളെ തടയുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ നിലപാടിന് പ്രതിപക്ഷ പാർട്ടികളുടെയും കർഷക സംഘടനകളുടെയും ശക്തമായ പിന്തുണയാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

