സംസ്ഥാന ബജറ്റിൽ ഓൾ ഇന്ത്യ പെർമിറ്റ് (എഐടിപി) വാഹനങ്ങളുടെ നികുതി നിരക്കിൽ വരുത്തിയ 50 ശതമാനത്തോളം കുറവ് വലിയൊരു നാഴികക്കല്ലാണെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ കേരള സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. പൊതുഗതാഗത-ടൂറിസം മേഖലകളിൽ ഈ തീരുമാനം വരും ദിവസങ്ങളിൽ വലിയ പുരോഗതിക്ക് വഴിയൊരുക്കുമെന്നാണ് അസോസിയേഷൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
ഈ തീരുമാനത്തിന്റെ ഭാഗമായി കേരളത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഓൾ ഇന്ത്യ പെർമിറ്റ് വാഹനങ്ങളുടെ നികുതി ഘടനയിൽ നിർണായകമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ഓർഡിനറി സീറ്റ് ഒന്നിന് നിലവിലുണ്ടായിരുന്ന 2,000 രൂപ എന്ന നികുതി 900 രൂപയായും, സ്ലീപ്പർ ബർത്തുകൾക്ക് ഈടാക്കിയിരുന്ന 3,000 രൂപ എന്ന നിരക്ക് 1,500 രൂപയായും കുറച്ചു.
മോട്ടോർ വാഹന വ്യവസായം ദീർഘകാലമായി നേരിട്ടുകൊണ്ടിരുന്ന പ്രതിസന്ധികൾക്ക് ഈ നികുതി പരിഷ്കരണം ശാശ്വത പരിഹാരം കാണുമെന്ന് അസോസിയേഷൻ വിലയിരുത്തുന്നു. നികുതി നിരക്ക് കുറവുള്ള മറ്റ് സംസ്ഥാനങ്ങളിൽ വാഹനം റജിസ്റ്റർ ചെയ്യുന്ന രീതി അവസാനിപ്പിക്കാൻ ഈ നടപടി സഹായകമാകും.
ഇതോടെ ടൂറിസ്റ്റ്/ഓമ്നി ബസ് ഉടമകൾക്ക് വാഹനങ്ങൾ കേരളത്തിൽ തന്നെ റജിസ്റ്റർ ചെയ്യാൻ സാധിക്കും. ഈ പരിഷ്കരണം വഴി സംസ്ഥാന സർക്കാരിന് നികുതി വരുമാനത്തിൽ വലിയ വർധനവുണ്ടാകുമെന്നും, പുതിയ യുവ സംരംഭകർ ഈ മേഖലയിലേക്ക് കടന്നുവരാൻ ഇത് പ്രേരണയാകുമെന്നും അസോസിയേഷൻ പ്രത്യാശ പ്രകടിപ്പിച്ചു.
ബജറ്റിൽ അനുകൂലമായ തീരുമാനമെടുത്ത മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും അസോസിയേഷൻ നന്ദി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

