പീച്ചി കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ നിന്ന് വാങ്ങിയ വാഴക്കന്നുകൾ നട്ടു വളർത്തിയ കർഷകന് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം നേരിട്ടതായി പരാതി. അയിലൂർ കയറാടി കാട്ടൂർമാക്കിൽ വീട്ടിൽ കെ.എസ്.
ശശിയാണ് കൃഷി വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലം പ്രതിസന്ധിയിലായത്. കഴിഞ്ഞ 15 വർഷമായി വാഴക്കൃഷിയിൽ സജീവമായ കെ.എസ്.
ശശി, ഇത്തവണ തളിപ്പാടത്ത് ഒരു ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്. മികച്ച വിളവ് പ്രതീക്ഷിച്ചുകൊണ്ട് കണ്ണാറയിൽ നിന്ന് 35 രൂപ നിരക്കിൽ 110 ടിഷ്യൂ കൾച്ചർ പൂവൻവാഴത്തൈകളാണ് ഇദ്ദേഹം വാങ്ങിയത്.
എന്നാൽ, ഒരു വർഷത്തിന് ശേഷം വാഴക്കുല വന്നപ്പോഴാണ് ഇനം മാറിയ വിവരം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ ഇവ പൂവൻവാഴയല്ല, മറിച്ച് കൊൽക്കത്ത കർപ്പൂരവള്ളി ഇലവാഴയാണെന്ന് സ്ഥിരീകരിച്ചു.
കൃഷിക്കായി ചെലവായ തുകയും പ്രതീക്ഷിച്ചിരുന്ന വരുമാനവും ഉൾപ്പെടെ ഏകദേശം മൂന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കെ.എസ്. ശശി വ്യക്തമാക്കി.
സംഭവത്തിൽ കൃഷിഭവനിൽ പരാതി നൽകിയതിനെ തുടർന്ന് കൃഷി ഓഫീസർമാരുടെ സംഘം നേരിട്ടെത്തി പരിശോധന നടത്തി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.
അതേസമയം, ഇദ്ദേഹം കൃഷി ചെയ്യുന്ന മറ്റ് മൂന്നേക്കറോളം സ്ഥലത്തെ നാടൻ പൂവൻവാഴകൾക്ക് കുഴപ്പമൊന്നുമില്ലെന്നും കർഷകൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

