വ്യാജരേഖകൾ ചമച്ച് അവയവക്കച്ചവടം നടത്തിയെന്നാരോപിക്കപ്പെടുന്ന കേസിലെ മുഖ്യപ്രതി മുഹമ്മദ് നജീബ് കല്ലട്രയുടെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. കാസർകോട് മേൽപറമ്പിലുള്ള അൽ-നിഹാമത്ത് മൻസിലിലായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടി.
പുലർച്ചെ ആറുമണിയോടെ ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെയായിരുന്നു ഇഡി സംഘം സ്ഥലത്തെത്തിയത്. പരിശോധന ആരംഭിച്ച വിവരം ലോക്കൽ പോലീസ് പിന്നീട് മാത്രമാണ് തിരിച്ചറിഞ്ഞത്.
സുരക്ഷാ ക്രമീകരണങ്ങൾക്കായി സിഐഎസ്എഫ് സംഘത്തെയാണ് നിയോഗിച്ചിരുന്നത്. വീടിനു പരിസരത്തേക്ക് മാധ്യമപ്രവർത്തകരെയോ നാട്ടുകാരെയോ പ്രവേശിപ്പിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ തയ്യാറായില്ല.
പകൽ മുഴുവൻ നീണ്ടുനിന്ന പരിശോധന വൈകിട്ട് അഞ്ചരയോടെയാണ് പൂർത്തിയായത്. അവയവക്കച്ചവടത്തിന്റെ മറവിൽ വലിയ തോതിലുള്ള കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസി.
പരിശോധനയിൽ നിർണ്ണായകമായ രേഖകൾ പിടിച്ചെടുക്കാൻ സാധിച്ചോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട് ഇതിനകം ഒൻപതോളം പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
മേൽപ്പറമ്പിൽ പ്രവർത്തിച്ചിരുന്ന കംപ്യൂട്ടർ സെന്റർ കേന്ദ്രീകരിച്ചാണ് വ്യാജരേഖകൾ നിർമ്മിച്ചതെന്ന് നേരത്തെ നടന്ന അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

