ദില്ലിയിലെ ഒരു സ്വകാര്യ സ്കൂളിൽ നിന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) വാങ്ങാനെത്തിയ രക്ഷിതാവിനോട് പ്രിൻസിപ്പാൾ അധിക തുക ആവശ്യപ്പെട്ടത് വിവാദമാകുന്നു. സ്കൂൾ ഫീസുകളെല്ലാം നേരത്തെ തന്നെ അടച്ചുതീർത്തിട്ടും, ടിസി നൽകുന്നതിനായി പ്രിൻസിപ്പാൾ 200 രൂപ കൂടി ആവശ്യപ്പെട്ടതാണ് പ്രതിഷേധത്തിന് വഴിവെച്ചത്.
ഈ സംഭവത്തെക്കുറിച്ച് രമാനന്ദ് എന്ന വ്യക്തി ‘എക്സ്’ (X) പ്ലാറ്റ്ഫോമിലൂടെയാണ് വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടത്. ടിസി കൈമാറുന്നതിന് മുമ്പ് 200 രൂപ നൽകണമെന്ന് പ്രിൻസിപ്പാൾ നിർബന്ധം പിടിച്ചതായും, പണം നൽകിയ ശേഷമാണ് രേഖകൾ ലഭിച്ചതെന്നും രമാനന്ദ് പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
സംഭവത്തെക്കുറിച്ച് അദ്ദേഹം ഉന്നയിച്ച ചോദ്യം ഇങ്ങനെയായിരുന്നു: “ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് 200 രൂപ? ഒരു പിതാവ് മകന്റെ ടിസി വാങ്ങാൻ ദില്ലിയിലെ ഒരു സ്വകാര്യ സ്കൂളിൽ പോയി, പക്ഷേ പ്രിൻസിപ്പൽ ആദ്യം 200 രൂപ ആവശ്യപ്പെട്ടു, അതിനുശേഷം മാത്രമേ നിങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കൂ. പണം നൽകിയ ശേഷം, എല്ലാ ഫീസും ഇതിനകം തീർന്നിരിക്കെ, ടിസിക്ക് എന്തിനാണ് അധിക തുക ഈടാക്കിയത്?” തുടർന്ന് ഈ വിഷയത്തിൽ പ്രതിഷേധം ഉയർന്നതോടെ സ്കൂൾ അധികൃതർ പണം തിരികെ നൽകിയെങ്കിലും, സംഭവം സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം ചർച്ചയായി മാറിക്കഴിഞ്ഞു.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സേവനത്തിന് പകരം ലാഭമുണ്ടാക്കുന്ന കേന്ദ്രങ്ങളായി മാറുകയാണോ എന്ന ആശങ്കയാണ് ഭൂരിഭാഗം ആളുകളും പങ്കുവെക്കുന്നത്. വിദ്യാഭ്യാസം ഇന്ന് കേവലം ഒരു കച്ചവടമായി മാറിയെന്നും, സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നുമാണ് സോഷ്യൽ മീഡിയയിലെ പൊതുവികാരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

